ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് നായകന്‍ ആര്‍ അശ്വിനെ ചുറ്റിപ്പറ്റിയുള്ള മങ്കാദിങ് വിവാദം കെട്ടടങ്ങിയിട്ടില്ല. ഇതിലെ ആരാധക പ്രതിഷേധം കത്തിനില്‍ക്കേ അശ്വിന്‍റെ സഹതാരമായിരുന്ന ഗൗതം ഗംഭീര്‍ നടത്തിയ ഒരു വെളിപ്പെടുത്തലാണ് ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുന്നത്.

എപ്പോഴും കടുത്ത സമ്മര്‍ദത്തിന് അടിപ്പെടുന്നയാളാണ് അശ്വിന്‍ എന്നാണ് ഗംഭീറിന്‍റെ വെളിപ്പെടുത്തലോടെ വ്യക്തമാകുന്നത്. 2000ല്‍ ഇന്ത്യ എയ്ക്ക് വേണ്ടി ഇരുവരും കളിച്ചിരുന്ന സമയത്തേ ഒരു സംഭവമാണ് ഇപ്പോള്‍ ഗംഭീര്‍ തുറന്ന് പറഞ്ഞത്. അന്ന് ഗംഭീറും അശ്വിനും ഒരു മുറിയിലാണ് താമസിച്ചിരുന്നത്.

മികച്ച പ്രകടനങ്ങളിലൂടെ അന്ന് തന്നെ അശ്വിന്‍ ഇന്ത്യയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു ദിവസം ഗംഭീര്‍ പരിശീലനത്തിന് ശേഷം ഹോട്ടല്‍ മുറിയില്‍ തിരിച്ചെത്തിയ ശേഷം വെള്ളം കുടിക്കാനായി മിനി റഫ്രിജേറ്റര്‍ തുറന്നു. എന്നാല്‍, അതിനുള്ളിലെ കാഴ്ച കണ്ട് ഗംഭീര്‍ ഞെട്ടുകയായിരുന്നു.

റഫ്രജേറ്ററിന്‍റെ മുകള്‍ തട്ടില്‍ മൂന്ന് ജോഡി അടിവസ്ത്രങ്ങള്‍ അടുക്കി വച്ചിരിക്കുയായിരുന്നത്രേ. കൂടാതെ നടുവിലെ തട്ടില്‍ സോക്സും വച്ചിരുന്നു. മറ്റാരും മുറിയില്‍ കയറാന്‍ സാധ്യതയില്ലെന്നിരിക്കെ അശ്വിനോട് തന്നെ ഗംഭീര്‍ ഇക്കാര്യങ്ങള്‍ ചോദിച്ചു. അതിന് അശ്വിന്‍ നല്‍കിയ മറുപടിയും ഞെട്ടിക്കുന്നതായിരുന്നു.

തന്‍റെ അടിവസ്ത്രങ്ങള്‍ തന്നെയാണ് അതെന്ന് പറഞ്ഞ അശ്വിന്‍ വലിയ സമ്മര്‍ദമാണ് താന്‍ നേരിടുന്നതെന്നും അത് പറഞ്ഞാല്‍ നിനക്ക് മനസിലാകില്ലെന്നും മറുപടി കൊടുത്തു. മികച്ച കളി പുറത്തെടുക്കാനുള്ള സമ്മര്‍ദമാണ് അന്ന് അശ്വിനെ പിടികൂടിയത്. അങ്ങനെയാണ് അടിവസ്ത്രങ്ങള്‍ ഫ്രിഡ്ജില്‍ എത്തിയത്.

ബട്‍ലര്‍ മികച്ച ഫോമില്‍ കളിക്കുമ്പോള്‍ എങ്ങനെയും അദ്ദേഹത്തെ പുറത്താക്കാനുള്ള സമ്മര്‍ദമായിരിക്കും അശ്വിന്‍റെ മനസിലുണ്ടാവുക. അതായിരിക്കും അങ്ങനെ ഒരു കൃത്യം ചെയ്യാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ലോകകപ്പ് ആണ് അടുത്ത് വരുന്നത്. ഒപ്പം തന്‍റെയും ടീമിന്‍റെയും കളി ലോകം കാണുന്നുണ്ടെന്ന സമ്മര്‍ദം അശ്വിനുണ്ട്. ബട്‍ലറിനെ പുറത്താക്കിയ രീതിയോട് താന്‍ യോജിക്കുന്നില്ലെന്നും എന്നാല്‍ അക്കാര്യം വച്ച് അദ്ദേഹത്തെ വിലയിരുത്തരുതെന്നും ഗംഭീര്‍ ടെെംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.