കൊല്‍ക്കത്ത: കഴിഞ്ഞ സീസണിലാണ് ഇന്ത്യയുടെ യുവതാരം ശുഭ്മാന്‍ ഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലെത്തിയത്. എന്നാല്‍ വേണ്ടത്ര അവസരം താരത്തിന് ലഭിച്ചിട്ടില്ല. ലഭിച്ചത് മിക്കതും ലോവര്‍ ഓര്‍ഡറിലാണ്. എന്നാല്‍ കഴിഞ്ഞ ദിവസം ഡല്‍ഹി കാപിറ്റല്‍സിനെതിരെ ഓപ്പണറായി ഇറങ്ങിയ ഗില്ലിന് അര്‍ധ സെഞ്ചുറി നേടാന്‍ സാധിച്ചിരുന്നു. എന്നാല്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ താരത്തെ വീണ്ടും ലോവര്‍ ഓര്‍ഡറില്‍ കളിപ്പിച്ചു. എന്നാല്‍ ഗില്‍ 15 റണ്‍സിന് പുറത്താവുകയായിരുന്നു. 

ഫോമിലുള്ള താരത്തെ ലോവര്‍ ഓര്‍ഡറില്‍ കളിപ്പിക്കുന്നതില്‍ ക്രിക്കറ്റ് പ്രേമികളില്‍ എതിര്‍പ്പുണ്ട്. ഇപ്പോഴിതാ ക്രിക്കറ്റ് ജേര്‍ണലിസ്റ്റ് ഹര്‍ഷാ ഭോഗ്‌ലെയും ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നു. അദ്ദേഹം തുടര്‍ന്നു... കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ശുഭ്മാന്‍ ഗില്ലിനെ ടോപ് ഓര്‍ഡറില്‍ കളിപ്പിക്കണം. അയാളുടെ ക്ലാസ് അപ്പോഴാണ് കാണാന്‍ കഴിയുക. ആറ്, ഏഴ് നമ്പറുകളില്‍ ഗില്ലിന് കളിക്കാന്‍ സാധിക്കില്ല. ഫിനിഷറുടെ റോള്‍ നിതീഷ് റാണയ്ക്ക് നല്‍കണമെന്നും ഭോഗ്‌ലെ പറഞ്ഞു.

കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയുടെ വിജയങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച താരങ്ങളായിരുന്നു സുനില്‍ നരെയ്‌നും കുല്‍ദീപ് യാദവും. എന്നാല്‍ ഇത്തവണ ഇരുവര്‍ക്കും സ്വതസിദ്ധമായ ഫോമിലേക്ക് ഉയരാന്‍ സാധിച്ചിട്ടില്ല. അതുക്കൊണ്ട് തന്നെ ബൗളിങ് നിര ശക്തിപ്പെടുത്താനാണ് കൊല്‍ക്കത്ത ക്യാപ്റ്റന്‍ ശ്രദ്ധിക്കേണ്ടതെന്നും ഭോഗ്‌ലെ വ്യക്തമാക്കി.