Asianet News MalayalamAsianet News Malayalam

കൊല്‍ക്കത്തയ്ക്കും ബാഗ്ലൂരിനും രാജസ്ഥാനും ഇനിയും പ്ലേ ഓഫ് കളിക്കാം, സാധ്യതകള്‍ ഇങ്ങനെ

11 കളികളില്‍ 14 പോയന്റുള്ള മുംബൈ ഇന്ത്യന്‍സാണ് പ്ലേ ഓഫ് ഉറപ്പിച്ച രണ്ടാമത്തെ ടീം. അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ മുംബൈ എന്തായാലും പ്ലേ ഓഫിലെത്തും.

How KKR, RR and RCB can still qualify for playoffs
Author
Kolkata, First Published Apr 27, 2019, 1:01 PM IST

കൊല്‍ക്കത്ത: ഐപിഎല്ലില്‍ പ്ലേ ഓഫ് ചിത്രം തെളിയുമ്പോള്‍ പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്തു നിക്കുന്ന മൂന്ന് ടീമുകളാണ് രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും. ചെന്നൈ സൂപ്പര്‍ കിംഗ്സും മുംബൈ ഇന്ത്യന്‍സും പ്ലേ ഓഫിലെത്തുമെന്ന് എതാണ്ട് ഉറപ്പിച്ചപ്പോള്‍ ബാക്കിയുള്ള ആറു ടീമുകള്‍ക്കും ഇനിയും സാധ്യതകള്‍ അവശേഷിക്കുന്നുണ്ട്.

ചെന്നൈ സൂപ്പര്‍ കിംഗ്സ്: മുംബൈ ഇന്ത്യന്‍സിനോട് ഇന്നലെ തോറ്റെങ്കിലും പ്ലേ ഓഫിലെത്താന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളവര്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് തന്നെയാണ്. 12 കളികളില്‍ 16 പോയന്റുള്ള ചെന്നൈക്ക് അവശേഷിക്കുന്ന രണ്ട് കളികളില്‍ ഒരു മത്സരം കൂടി ജയിച്ചാല്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഒന്ന് നേടി പ്ലേ ഓഫ് ഉറപ്പിക്കാം. രണ്ട് കളികളും തോറ്റാലും പ്ലേ ഓഫ് പ്രതീക്ഷയുണ്ട്.

മുംബൈ ഇന്ത്യന്‍സ്: 11 കളികളില്‍ 14 പോയന്റുള്ള മുംബൈ ഇന്ത്യന്‍സാണ് പ്ലേ ഓഫ് ഉറപ്പിച്ച രണ്ടാമത്തെ ടീം. അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ മുംബൈ എന്തായാലും പ്ലേ ഓഫിലെത്തും. ശേഷിക്കുന്ന മൂന്ന് കളികളില്‍ ഒരു ജയമെങ്കിലും നേടിയാല്‍ മുംബൈക്ക് പ്ലേ ഓഫ് ഉറപ്പിക്കാം.

ഡല്‍ഹി ക്യാപ്പിറ്റല്‍സ്: ഈ സീസണില്‍ അപ്രതീക്ഷിത കുതിപ്പ് നടത്തിയ ഡല്‍ഹി ക്യാപിറ്റല്‍സാണ് പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കിയ മൂന്നാമത്തെ ടീം. 11 കളികളില്‍ 14 പോയന്റുള്ള ഡല്‍ഹി നിലവില്‍ മൂന്നാം സ്ഥാനത്താണ്. ബാംഗ്ലൂര്‍, ചെന്നൈ, രാജസ്ഥാന്‍ ടീമുകള്‍ക്കെതിരെ അവശേഷിക്കുന്ന മൂന്ന് കളികളില്‍ ഒരെണ്ണമെങ്കിലും ജയിച്ചാല്‍ ഡ‍ല്‍ഹിക്കും പ്ലേ ഓഫ് ഉറപ്പിക്കാം.

സണ്‍റൈസേഴ്സ് ഹൈദരാബാദ്: തുടക്കം നന്നായെങ്കിലും ഇടക്ക് തിരിച്ചടി നേരിട്ട സണ്‍റൈസേഴ്സ് ഹൈദരാബാദാണ് പ്ലേ ഓഫ് സാധ്യത സജീവമാക്കിയ നാലാമത്തെ ടീം. 10 കളികളില്‍ 10 പോയന്റുള്ള ഹൈദരാബാദിന് നാല് കളികള്‍ ബാക്കിയുണ്ട്. നാലില്‍ മൂന്ന് കളികളെങ്കിലും ജയിച്ചാല്‍ ഹൈദരാബാദ് പ്ലേ ഓഫിലെത്തും. രണ്ട് കളികള്‍ ജയിച്ചാലും പ്ലേ ഓഫ് സാധ്യതകള്‍ അവശേഷിക്കുന്നുണ്ട്.

കിംഗ്സ് ഇലവന്‍ പഞ്ചാബ്: ഈ നാലു ടീമുകള്‍ കഴിഞ്ഞാല്‍ പ്ലേ ഓഫ് സാധ്യതയുള്ള ടീം കിംഗ്സ് ഇലവന്‍ പ‍ഞ്ചാബാണ്. 11 കളികളില്‍ 10 പോയന്റുള്ള പഞ്ചാബിന് പക്ഷെ ശേഷിക്കുന്ന മൂന്ന് കളികളും ജയിക്കണം. ഹൈദരാബാദ്, കൊല്‍ക്കത്ത, ചെന്നൈ എന്നിവരാണ് അവരുടെ അടുത്ത എതിരാളികള്‍. മോശം നെറ്റ് റണ്‍റേറ്റാണ് കിംഗ്സിന് തിരിച്ചടിയാവാനിടയുള്ള ഒരു ഘടകം.

കൊല്‍ക്ക നൈറ്റ് റൈഡേഴ്സ്: തുടര്‍ച്ചയായി ആറ് കളികളില്‍ തോറ്റ കൊല്‍ക്കത്തക്ക് ഇനിയും പ്ലേ ഓഫ് സാധ്യതകളുണ്ട്. പക്ഷെ അത് മറ്റ് മത്സരങ്ങളിലെ ഫലത്തെ കൂടി ആശ്രയിച്ചിരിക്കുന്നുവെന്ന് മാത്രം. 11 കളികളില്‍ എട്ട് പോയന്റുള്ള കൊല്‍ക്കത്തക്ക് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ശേഷിക്കുന്ന മൂന്ന് കളികളും ജയിക്കണം. അവസാന സ്ഥാനത്തുള്ള നാലു ടീമുകളില്‍ മികച്ച നെറ്റ് റണ്‍റേറ്റാണ് കൊല്‍ക്കത്തയ്ക്ക് അനൂകൂലമായിട്ടുള്ളത്. ഇനിയൊരു തോല്‍വി കൊല്‍ക്കത്തയുടെ പ്ലേ ഓഫ് സാധ്യതകള്‍ പൂര്‍ണമായും അടക്കും.

രാജസ്ഥാന്‍ റോയല്‍സ്: കൊല്‍ക്കത്തയുടെ അതേ അവസ്ഥയിലാണ് രാജസ്ഥാനും. 11 കളികളില്‍ എട്ടു പോയന്റുള്ള രാജസ്ഥാനും ശേഷിക്കുന്ന മൂന്ന് കളികളും ജയിച്ചാലെ പ്ലേ ഓഫ് സാധ്യത നിലനില്‍ക്കുന്നുള്ളു. പോയന്റ് പട്ടികയില്‍ മുന്നിലുള്ള ചെന്നൈ, ഹൈദരാബാദ്, ഡല്‍ഹി ടീമുകള്‍ക്കെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരങ്ങളെന്നത് അവര്‍ക്ക് തിരിച്ചടിയാണ്.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍: വിരാട് കോലിയുടെ ബാംഗ്ലൂരിന്റെ പ്ലേ ഓഫ് സാധ്യതകളും പൂര്‍ണമായും അവസാനിച്ചിട്ടില്ല. തുടര്‍ച്ചയായ മൂന്ന് ജയങ്ങളുമായി ബാംഗ്ലൂര്‍ തിരിച്ചുവന്നെങ്കിലും അവരുടെ പ്ലേ ഓഫ് സാധ്യകളും മറ്റ് ടീമുകളുടെ പ്രകടനത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ഡല്‍ഹിക്കും, ഹൈദരാബാദിനും രാജസ്ഥാനുമെതിരെയാമ് ബാംഗ്ലൂരിന്റെ ഇനിയുള്ള മത്സരങ്ങള്‍. മോശം നെറ്റഅ റണ്‍ റേറ്റാണ് ബാംഗ്ലൂരിന് തിരിച്ചടിയാവാനിടയുള്ള ഒരുഘടകം.

Follow Us:
Download App:
  • android
  • ios