Asianet News MalayalamAsianet News Malayalam

ഇനിയുള്ള രാവുകള്‍ 'വെടിക്കെട്ടിന്‍റേത്'; ഐപിഎല്ലിന് ഇന്ന് തുടക്കം

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയും സൂപ്പര്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയും തമ്മില്‍ നേര്‍ക്കുനേര്‍ എത്തുന്നുവെന്നുള്ളതാണ് ഇന്നത്തെ മത്സരത്തിന്‍റെ പ്രത്യേകത.

ipl 12th season starting today
Author
Chennai, First Published Mar 23, 2019, 7:06 AM IST

ചെന്നെെ: ഐപിഎല്ലിന്‍റെ പന്ത്രണ്ടാം സീസണ് ഇന്ന് തുടക്കം. നിലവിലെ ചാന്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സ് ഉദ്ഘാടന മത്സരത്തിൽ ബംഗളുരു റോയല്‍ ചലഞ്ചേഴ്സിനെ നേരിടും. രാത്രി എട്ടിന് ചെന്നൈയിലെ ചെപ്പോക്ക് സ്റ്റോഡിയത്തിലാണ് മത്സരം. ഏകദിന ലോകകപ്പ് പടിവാതിൽക്കൽ എത്തി നിൽക്കേ നടക്കുന്ന ഐപിഎല്ലിന് വലിയ പ്രധാന്യമാണുള്ളത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയും സൂപ്പര്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയും തമ്മില്‍ നേര്‍ക്കുനേര്‍ എത്തുന്നുവെന്നുള്ളതാണ് ഇന്നത്തെ മത്സരത്തിന്‍റെ പ്രത്യേകത. ധോണിപ്പട കിരീടം നിലനിർത്താനിറങ്ങുന്പോൾ പലപ്പോഴും വഴുതിപ്പോയ ചാന്പ്യൻപട്ടത്തിനായി കൊതിച്ചാണ് കോലിയും സംഘവും ഇറങ്ങുന്നത്.

മുപ്പത് പിന്നിട്ടവരുടെ കൂട്ടമാണെങ്കിലും ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ കരുത്തിന് കുറവൊന്നുമില്ല. ധോണിയും വാട്സണും ബ്രാവോയും ഡുപ്ലെസിയും റായുഡുവും റെയ്നയും കേദാറുമെല്ലാം ഏതൊരു ടീമിനും വെല്ലുവിളിയാണ്. താരതമ്യേന ദുർബലമായ ബൗളിംഗ് നിരയിൽ നിന്ന് ദക്ഷിണാഫ്രിക്കൻ പേസർ ലുംഗി എൻഗിഡി പരിക്കേറ്റ് പിൻമാറിയതാണ് ചെന്നെെ സംഘത്തിന് ക്ഷീണമായിരിക്കുന്നത്.

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും സ്ഥിരതയാർന്ന ടീമാണ് ചെന്നൈ. മൂന്ന് തവണ കിരീടം നേടിയ ധോണിയും കുട്ടികളും എല്ലാ സീസണിലും പ്ലേഓഫിലും എത്തി. സൂപ്പർ താരങ്ങൾ ഏറെ വന്നിട്ടും പോയിട്ടും പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത ടീമാണ് റോയൽ ചലഞ്ചേഴ്സ്. ഈ ചീത്തപ്പേര് മാറ്റുകയാണ് കോലിയുടെയും സംഘത്തിന്‍റേയും ലക്ഷ്യം.

കോലി-ഡിവിലിയേഴ്സ് വെടിക്കെട്ട് കൂട്ടുകെട്ടിലാണ് ആർസിബിയുടെ ബാറ്റിംഗ് പ്രതീക്ഷ. ചാഹൽ, ഹെറ്റ്മെയർ, ശിവം ദുബേ , വാഷിംഗ്ടൺ സുന്ദർ തുടങ്ങിയവരുടെ പ്രകടനവും നിർണായകമാവും. നേർക്കുനേർ പോരിൽ ചെന്നൈയ്ക്കാണ് മുൻതൂക്കം. ചെന്നൈ പതിനേഴ് കളിയിൽ ജയിച്ചപ്പോൾ ബംഗളുരുവിന് ജയിക്കാനായത് ഏഴ് കളികളില്‍ മാത്രം.

Follow Us:
Download App:
  • android
  • ios