ദില്ലി: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ബാറ്റ്സ്മാന്‍ ജോസ് ബട്‌ലറെ റണ്ണൗട്ടാക്കിയതിന്റെ പേരില്‍ വിമര്‍ശനമേറ്റുവാങ്ങിയ കിംഗ്സ് ഇലവന്‍ പ‍ഞ്ചാബ് നായകന്‍ അശ്വിന് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. അശ്വിനെ പോലെ കൂടുതല്‍ ബൗളര്‍മാര്‍ മങ്കാദിംഗ് നടത്താന്‍ തയാറാകണമെന്ന് ആന്ദ്രെ റസല്‍ പന്തെറിയുന്നതിന്റെ ചിത്രം ട്വീറ്റ് ചെയ്ത് ചോപ്ര പറഞ്ഞു.

റസല്‍ പന്തെറിയുമ്പോള്‍ ബാറ്റ്സ്മാന്‍ ക്രീസിലിന് പുറത്താണെന്ന് ചിത്രത്തില്‍ നിന്ന് വ്യക്തമാണ്. 22 വാരയുള്ള പിച്ചാണെന്നും അത് 20 വാരയാക്കി ബാറ്റ്സ്മാന്‍ അധിക ആനുകൂല്യേ നേടാന്‍ അനുവദിക്കരുതെന്നും ആകാശ് ചോപ്ര ട്വിറ്ററില്‍ കുറിച്ചു.

ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് ഉയര്‍ത്തിയ വിജയലക്ഷ്യത്തിലേക്ക് രാജസ്ഥാന്‍ റോയല്‍സ് അനായാസം ബാറ്റ് വീശുന്നതിനിടെയാണ് മികച്ച ഫോമിലായിരുന്ന ജോസ് ബട്‌ലറെ അശ്വിന്‍ മങ്കാദിംഗിലൂടെ പുറത്താക്കിയത്.