ഐ പി എല്ലിലെ മിക്ക ടീമുകളും യുവാക്കളെ തേടുമ്പോൾ പരിചയസമ്പത്തിലാണ് ചെന്നൈ സൂപ്പർ കിംഗ്‌സ് വിശ്വസിക്കുന്നത്. ചെന്നൈ ടീമിലെ ഭൂരിഭാഗം കളിക്കാരും മുപ്പത് വയസ് പിന്നിട്ടവരാണ്.

ചെന്നൈ: യുവത്വത്തിന്‍റെ പ്രസരിപ്പിലോ യോയോ ടെസ്റ്റ് പോലെയുള്ള സാങ്കേതികതയിലോ അല്ല ചെന്നൈ സൂപ്പർ കിംഗ്സ് വിശ്വസിക്കുന്നത്. പയറ്റിത്തെളിഞ്ഞ താരങ്ങളുടെ മികവാണ് ചെന്നൈയുടെ കരുത്ത്. പരിചയസമ്പന്നരുടെ ഈ മികവാണ് കഴിഞ്ഞ സീസണിൽ സൂപ്പർ കിംഗ്സിനെ ചാമ്പ്യൻമാരാക്കിയത്. ഇക്കൊല്ലവും ചെന്നൈ ടീമിൽ വലിയ മാറ്റങ്ങളൊന്നുമില്ല. 

നായകൻ എം എസ് ധോണിക്കും ഓൾ‌റൗണ്ടർ ഷെയ്ൻ വാട്‌സനും പ്രായം 37. ഡ്വെയ്ൻ ബ്രാവോയ്ക്ക് 35 വയസും ഡുപ്ലെസിക്ക് 34 വയസും അംബാട്ടി റായ്‌ഡുവിനും കേദാർ ജാദവിനും മുപ്പത്തിരണ്ടുമാണ് പ്രായം. ചെന്നൈയുടെ വിശ്വസ്ത ബാറ്റ്സ്മാനും ഐ പി എൽ ചരിത്രത്തിലെ എക്കാലത്തേയും മികച്ച റൺവേട്ടക്കാരനുമായ സുരേഷ് റെയ്ന 32ൽ എത്തിനിൽക്കുന്നു.

ബൗളിംഗ് നിരയിലും പ്രായത്തിന്‍റെ കാര്യത്തില്‍ വലിയ മാറ്റമില്ല. സ്‌പിന്നർ ഇമ്രാൻ താഹിറിന് 39 വയസും ഹർഭജൻ സിംഗിന് മുപ്പത്തിയെട്ടുമാണ് പ്രായം. മോഹിത് ശർമ്മയും കരൺ ശർമ്മയും മുപ്പത് പിന്നിട്ടവർ. ഇതുകൊണ്ടുതന്നെ മത്സരപരിചയത്തിൽ ചെന്നൈ നിര ഏറെമുന്നിൽ. ഇതാണ് കഴിഞ്ഞ സീസണ്‍ പോലെ ഇക്കുറിയും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ കരുത്ത്.