ഹൈദരാബാദ്: സ്വപ്‌നതുല്യമായ ഫോം തുടര്‍ന്ന് അവസാന ഇന്നിംഗ്‌സിലും ക്ലാസ് ബാറ്റിംഗുമായി ഐപിഎല്‍ 12-ാം എഡിഷനോട് വിടവാങ്ങല്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ഐപിഎല്‍ പ്രേമികള്‍ക്ക് ബാറ്റിംഗ് വിരുന്ന് സമ്മാനിച്ചാണ് മടങ്ങുന്നത്. സീസണില്‍ തന്‍റെ അവസാന ഇന്നിംഗ്‌സില്‍ കിംഗ്‌സ് ഇലവനെതിരെ 56 പന്തില്‍ 81 റണ്‍സെടുത്ത് വാര്‍ണര്‍ ക്രിക്കറ്റ് ലോകത്തിന്‍റെ കയ്യടിവാങ്ങി.

എക്കാലത്തെയും മികച്ച ഐപിഎല്‍ താരം(GOAT)എന്ന വിശേഷണത്തോടെയാണ് വാര്‍ണറെ പലരും പ്രശംസിക്കുന്നത്. മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്രയാണ് GOAT വിശേഷണവുമായി എത്തിയവരില്‍ ഒരാള്‍. 

സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് വാര്‍ണര്‍. 12 ഇന്നിംഗ്‌സുകളില്‍ നിന്ന് 692 റണ്‍സ്. ഒരു സെഞ്ചുറിയും എട്ട് അര്‍ദ്ധ സെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടുന്നു. റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്തുള്ള കൊല്‍ക്കത്തയുടെ ആന്ദ്രേ റസലിന് 486 റണ്‍സാണുള്ളത്. അതായത് ബഹുദൂരം മുന്നിലാണ് വാര്‍ണര്‍.