ജയ്‌പൂര്‍: ഐപിഎല്ലില്‍ അജിങ്ക്യ രഹാനെയുടെ സെഞ്ചുറിക്കരുത്തില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് കൂറ്റന്‍ സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ ആറ് വിക്കറ്റിന് 191 റണ്‍സെടുത്തു. രഹാനെ സെഞ്ചുറിയും(63 പന്തില്‍ 105) സ്‌മിത്ത് അര്‍ദ്ധ സെഞ്ചുറിയും(32 പന്തില്‍ 50) നേടി. 

രാജസ്ഥാന്‍ തുടക്കത്തിലെ മലയാളി ഓപ്പണര്‍ സഞ്ജു സാംസണെ(0) നഷ്ടമായി. സഞ്ജുവിനെ റബാഡ റണ്‍ഔട്ടാക്കി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ രഹാനെയും സ്‌മിത്തും രാജസ്ഥാനെ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. രഹാനെ 32 പന്തില്‍ അര്‍ദ്ധ സെഞ്ചുറിയിലെത്തിയപ്പോള്‍ 31 പന്തില്‍ സ്‌മിത്ത് അമ്പത് പിന്നിട്ടു. സ്‌മിത്തിനെ അക്ഷാറിന്‍റെ പന്തില്‍ ബൗണ്ടറിലൈനില്‍ മോറിസ് പിടിക്കുമ്പോള്‍ ടീം സ്‌കോര്‍ 135ല്‍ എത്തിയിരുന്നു. രണ്ടാം വിക്കറ്റില്‍ ഇരുവരും നേടിയത് 130 റണ്‍സ്.  

സ്റ്റോക്‌സും(8) ടര്‍ണറും(0) വേഗം മടങ്ങി. മോറിസിനും ഇശാന്തിനുമാണ് വിക്കറ്റ്. ഇതിനിടെ 58 പന്തില്‍ രഹാനെ സെഞ്ചുറിയിലെത്തി. എന്നാല്‍ അവസാന ഓവറുകളില്‍ രാജസ്ഥാന് വമ്പന്‍ അടികള്‍ പുറത്തെടുക്കാനായില്ല. അവസാന ഓവറിലെ മൂന്നാം പന്തില്‍ ബിന്നിയെ(13 പന്തില്‍ 19) റബാഡ ബൗള്‍ഡുമാക്കി. അവസാന പന്തില്‍ പരാഗിനെയും(4) റബാഡ ബൗള്‍ഡാക്കി. രഹാനെ പുറത്താകാതെ നിന്നു.