27 പന്തില്‍ 78 റണ്‍സടിച്ച ഋഷഭ് പന്തിന്റെ ഇന്നിംഗ്സാണ് മുംബൈക്കെതിരെ ഡല്‍ഹിക്ക് ജയമൊരുക്കിയത്.

ദില്ലി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ബാറ്റ്സ്മാന്‍ ഋഷഭ് പന്തിന്റെ വെടിക്കെട്ട് ഇന്നിംഗ്സിനെ അഭിനന്ദിച്ച് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. മുംബൈ ഇന്ത്യന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിനായി ഋഷഭ് പന്ത് പുറത്തെടുത്ത വെടിക്കെട്ട് ഇന്നിംഗ്സിനുശേഷം ഋഷഭ് പന്തിനെ ബൗളര്‍മാരുടെ കൊലയാളി എന്നായിരുന്നു പത്താന്‍ വിശേഷിപ്പിച്ചത്. ഡല്‍ഹിയുടെ യുവനിരക്ക് ഏറെ പ്രത്യേകതകളുണ്ടെന്നും ഋഷഭ് പന്ത് ബൗളര്‍മാരുടെ കൊലയാളിയാണെന്നും പത്താന്‍ ട്വീറ്റ് ചെയ്തു.

27 പന്തില്‍ 78 റണ്‍സടിച്ച ഋഷഭ് പന്തിന്റെ ഇന്നിംഗ്സാണ് മുംബൈക്കെതിരെ ഡല്‍ഹിക്ക് ജയമൊരുക്കിയത്. ഋഷഭ് പന്ത് ക്രീസിലെത്തുമ്പോള്‍ ഡല്‍ഹി 13 ഓവറില്‍ 112/3 എന്ന സ്കോറിലായിരുന്നു. എന്നാല്‍ പിന്നീടുള്ള ഏഴോവറില്‍ ഋഷഭ് പന്ത് വെടിക്കെട്ട് ഇന്നിംഗ്സ് പുറത്തെടുത്തപ്പോള്‍ ഡല്‍ഹി 20 ഓവറില്‍ 213/6 എന്ന കൂറ്റന്‍ സ്കോറിലെത്തി.

Scroll to load tweet…

നേരിട്ട ആദ്യ അഞ്ച് പന്തില്‍ ഒരു റണ്‍സ് മാത്രമെടുത്ത പന്ത് പിന്നീടുള്ള 22 പന്തില്‍ അടിച്ചെടുത്തത് 77 റണ്‍സ്. ഇതില്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ ബൗളറായ ജസ്പ്രീത് ബുംറയെപ്പോലും പന്ത് വെറുതെവിട്ടില്ല. പന്തിന്റെ ബാറ്റിംഗ് മികവില്‍ അവസാന അഞ്ചോവറില്‍ മാത്രം ഡല്‍ഹി 82 റണ്‍സടിച്ചു. മറുപടിയായി മുംബൈ 176 റണ്‍സിന് ഓള്‍ ഔട്ടായി.