വിഖ്യാത ഇംഗ്ലീഷ് ക്രിക്കറ്റര്‍ മൈക്കല്‍ വോണാണ് റണ്‍വേട്ടയിലും വിക്കറ്റ് കൊയ്‌ത്തിലും മുന്നിലെത്താന്‍ സാധ്യതയുടെ താരങ്ങളുടെ പേര് പ്രവചിക്കുന്നത്.
ചെന്നൈ: ഐ പി എല്‍ 12-ാം സീസണില്‍ ആരാകും ബാറ്റിംഗില്‍ വിസ്‌മയമാകുക. ബൗളിംഗില്‍ ആരാകും വെടിക്കെട്ട് വീരന്‍മാരുടെ അത്മവിശ്വാസം കടപുഴക്കുക. അതോ, പതിവ് വീരന്‍മാരെ വകഞ്ഞുമാറ്റി ഒരു ബാറ്റകലത്തില്‍ പുതിയ രാജകുമാരന്‍മാര്‍ ഉദയം ചെയ്യുമോ.
12-ാം എഡിഷനിലെ സൂപ്പര്‍ ഹീറോകളെ തിരയുന്നവര്‍ക്ക് ഇതാ രണ്ട് പേരുകള്‍. വിഖ്യാത ഇംഗ്ലീഷ് ക്രിക്കറ്റര്‍ മൈക്കല്‍ വോണാണ് റണ്‍വേട്ടയിലും വിക്കറ്റ് കൊയ്‌ത്തിലും മുന്നിലെത്താന്‍ സാധ്യതയുടെ താരങ്ങളുടെ പേര് പ്രവചിക്കുന്നത്. ഇന്ത്യയില്‍ നടക്കുന്ന കുട്ടി ക്രിക്കറ്റിന്‍റെ മഹാ പൂരത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കാണ് വോണ്‍ സാധ്യത കല്‍പിക്കുന്നത്.
കഴിഞ്ഞ സീസണില്‍ റണ്‍വേട്ടയില്‍ രണ്ടാമതെത്തിയ ഡല്‍ഹി ക്യാപിറ്റല്‍സ് താരം ഋഷഭ് പന്ത് ഇക്കുറി മുന്നിലെത്തുമെന്ന് വോണ്‍ ട്വീറ്റ് ചെയ്തു. 14 മത്സരങ്ങളില്‍ 684 റണ്‍സാണ് പന്ത് അടിച്ചുകൂട്ടിയത്. കഴിഞ്ഞ സീസണില്‍ തിളങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്‌പിന്നര്‍ കുല്‍ദീപിനാണ് ബൗളര്‍മാരില്‍ വോണ്‍ സാധ്യത നല്‍കുന്നത്. കഴിഞ്ഞ തവണ 17 വിക്കറ്റുകള്‍ ചൈനാമാന്‍ സ്‌പിന്നര്‍ നേടിയിരുന്നു.
