ചെന്നൈ: ഐപിഎല്‍ 12-ാം സീസണില്‍ ഉദ്ഘാടന മത്സരത്തില്‍ നാടകീയമായിരുന്നു ചെപ്പോക്കിലെ പിച്ച്. ആദ്യ ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വെറും 70 റണ്‍സില്‍ പുറത്തായി. എന്നിട്ടും മറുപടി ബാറ്റിംഗില്‍ ചെന്നെയ്ക്ക് വിജയിക്കാന്‍ 17.4 ഓവര്‍ കാത്തിരിക്കേണ്ടിവന്നു. പിച്ചിന്‍റെ വേഗക്കുറവും അപ്രതീക്ഷിത ടേണുമാണ് ചെപ്പോക്കിനെ ബാറ്റ്സ്‌മാന്‍മാരുടെ ശവപ്പറമ്പാക്കിയത്.

ചെപ്പോക്കില്‍ മോശം പിച്ചൊരുക്കിയതിനെ ശക്തമായ ഭാഷയിലാണ് ചെന്നൈ നായകന്‍ എം എസ് ധോണി വിമര്‍ശിച്ചത്. 'വിക്കറ്റ് ഈ സ്വഭാവം കാട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പിച്ച് വളരെ സ്ലോ ആയിരുന്നു. 2011 ചാമ്പ്യന്‍സ് ലീഗ് മത്സരത്തിലെ വിക്കറ്റാണ് ഓര്‍മ്മ വന്നത്. വിക്കറ്റ് ഇതേ സ്വഭാവമാണ് കാട്ടുന്നതെങ്കില്‍ തങ്ങള്‍ക്കും കഠിനമാകും. ചെപ്പോക്കില്‍ പ്രാക‌്ടീസ് മാച്ച് കളിച്ചപ്പോള്‍ പിച്ച് ഇത്രയേറെ ടേണ്‍ കാട്ടിയിരുന്നില്ല. വിക്കറ്റ് ഏറെ മെച്ചപ്പെടാനുണ്ടെന്നും' ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ പറഞ്ഞു.

എന്നാല്‍ ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ വിരാട് കോലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഏഴ് വിക്കറ്റിന് ധോണിയും സംഘവും തകര്‍ത്തിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂര്‍ 17.1 ഓവറില്‍ 70ന് എല്ലാവരും പുറത്തായി. ചെന്നൈ 17.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.