ബംഗലൂരു: ഐപിഎല്ലില്‍ ആദ്യം ജയം തേടിയിറങ്ങിയ ബംഗലൂരു റോയല്‍ ചലഞ്ചേഴ്സിന് മുംബൈ ഇന്ത്യന്‍സിനെതിരെ 188 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സടിച്ചു.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ക്വിന്റണ്‍ ഡീ കോക്കും ചേര്‍ന്ന് ആറോവറില്‍ 54 റണ്‍സടിച്ച് മുംബൈക്ക് ആശിച്ച തുടക്കമാണ് നല്‍കിയത്. 23 റണ്‍സെടുത്ത ഡ‍ീകോക്ക് മടങ്ങിയശേഷം സൂര്യകുമാര്‍ യാദവും(24 പന്തില്‍ 38) തകര്‍ത്തടിച്ചതോടെ മുംബൈ കൂറ്റന്‍ സ്കോറിലേക്ക് നീങ്ങുമെന്ന് തോന്നിച്ചെങ്കിലും രോഹിത്തിനെ ഉമേഷും സൂര്യകുമാര്‍ യാദവിനെ ചാഹലും മടക്കിയതോടെ മുംബൈ ഇന്നിംഗ്സിന്റെ ഗതിവേഗം കുറഞ്ഞു.

ചാഹലിനെതിരെ തുടര്‍ച്ചയായി മൂന്ന് സിക്സറുകള്‍ അടിച്ചു തുടങ്ങിയ യുവരാജ് സിംഗ് പഴയപ്രതാപത്തിന്റെ മിന്നലാട്ടങ്ങള്‍ പുറത്തെടുത്തെങ്കിലും 12 പന്തില്‍ 23 റണ്ണുമായി നാലാം സിക്സറിനുള്ള ശ്രമത്തില്‍ ചാഹലിന് തന്നെ വിക്കറ്റ് സമ്മാനിച്ച് മടങ്ങി. കീറോണ്‍ പൊള്ളാര്‍ഡും(5), ക്രുനാല്‍ പാണ്ഡ്യയും(1) കാര്യമായ സംഭാവനയില്ലാതെ മടങ്ങിയതോടെ മുംബൈ വലിയ സ്കോര്‍ നേടില്ലെന്ന് തോന്നിച്ചെങ്കിലും അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ഹര്‍ദ്ദിക് പാണ്ഡ്യ(14 പന്തില്‍ 32) മുംബൈയെ 187 റണ്‍സിലെത്തിച്ചു.

ബംഗലൂരുവിനായി ഉമേഷ് യാദവ് നാലോവറില്‍ 26 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ യുസ്‌വേന്ദ്ര ചാഹല്‍ 38 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. ബംഗലൂരുവിനായി മുഹമ്മദ് സിറാജും രണ്ട് വിക്കറ്റെടുത്തു.