എനിക്കാരെയും പേടിയില്ല, എന്നാല്‍ ക്യാപ്റ്റന്‍ വിരാട് കോലി ചൂടായാല്‍ എനിക്ക് പേടിയാണ്. നമ്മള്‍ എല്ലാം ശരിയായി ചെയ്താല്‍ ആരും നമ്മളോട് ദേഷ്യപ്പെടില്ലല്ലോ.

ദില്ലി: ബൗളര്‍മാരെ അടിച്ചുപറത്തി നിര്‍ഭയമായ ഇന്നിംഗ്സുകള്‍ കളിക്കുമെങ്കിലും ഇന്ത്യന്‍ ടീമില്‍ തനിക്കേറ്റവും പേടിയുള്ളയാള്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണെന്ന് ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ ഋഷഭ് പന്ത്. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഋഷഭ് പന്ത് മനസുതുറക്കുന്നത്.

എനിക്കാരെയും പേടിയില്ല, എന്നാല്‍ ക്യാപ്റ്റന്‍ വിരാട് കോലി ചൂടായാല്‍ എനിക്ക് പേടിയാണ്. നമ്മള്‍ എല്ലാം ശരിയായി ചെയ്താല്‍ ആരും നമ്മളോട് ദേഷ്യപ്പെടില്ലല്ലോ. എന്നാല്‍ കോലി ദേഷ്യപ്പെടുന്നത് നല്ലതാണെന്നും അതിലൂടെ തനിക്ക് തെറ്റുകള്‍ തിരിച്ചറിയാന്‍ കഴിയാറുണ്ടെന്നും പന്ത് പറയുന്നു.

വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുക്കുന്പോഴും വിക്കറ്റിന് പിന്നില്‍ ഋഷഭ് പന്ത് പലപ്പോഴും അവസരങ്ങള്‍ നഷ്ടമാക്കാറുണ്ട്. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ധോണിയെ അനുകരിക്കാന്‍ ശ്രമിച്ച ഋഷഭ് പന്തിനോട് കോലി അതൃപ്തി പ്രകടമാക്കിയിരുന്നു.