19 പന്തില്‍ 49 റണ്‍സെടുത്ത റസലിന്റെ ഇന്നിംഗ്സാണ് ഒരുഘട്ടത്തില്‍ അപ്രാപ്യമെന്ന് തോന്നിച്ച വിജയം കൊല്‍ക്കത്തക്ക് സമ്മാനിച്ചത്.
കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഏറ്റവുമധികം ആരാധക പിന്തുണയുള്ള ടീമുകളിലൊന്നാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ഞായറാഴ്ച സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ റസല്‍ വെടിക്കെട്ടില്‍ അവിശ്വസനീയ ജയം പിടിച്ചെടുത്ത കൊല്‍ക്കത്ത ഈഡനില്‍ എത്തിയ പതിനായിരക്കണക്കിന് ആരാധകരെ നിരാശരാക്കിയതുമില്ല. 19 പന്തില്‍ 49 റണ്‍സെടുത്ത റസലിന്റെ ഇന്നിംഗ്സാണ് ഒരുഘട്ടത്തില്‍ അപ്രാപ്യമെന്ന് തോന്നിച്ച വിജയം കൊല്‍ക്കത്തക്ക് സമ്മാനിച്ചത്. വിജയത്തിനുശേഷം ആന്ദ്രെ റസലിനെക്കുറിച്ചുള്ള ആ രഹസ്യം പരസ്യമാക്കി ടീം ഉടമ ഷാരൂഖ് ഖാന്റെ ട്വീറ്റെത്തി.
കൊല്‍ക്കത്ത ആരാധകര്‍ തനിക്ക് നല്‍കിയ പിന്തുണകണ്ട് ശരിക്കും പൊട്ടിക്കരയാനൊരുങ്ങിയതാണ് ആന്ദ്രെ റസല്‍. പിന്നെ വലിയ ആളുകള്‍ പൊതുവേദിയില്‍ പൊട്ടിക്കരയാറില്ലല്ലോ എന്നോര്‍ത്ത് അദ്ദേഹം കരയാതിരുന്നതാണ്. നിതീഷ് റാണ, റോബിന്‍ ഉത്തപ്പ, ശുഭ്മാന്‍ ഗില്‍ എന്നിവരുടെ പ്രകടനത്തെയും ഷാരൂഖ് അഭിനന്ദിച്ചു.
ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഡേവിഡ് വാര്‍ണറുടെ വെടിക്കെട്ടിന്റെ ബലത്തിലാണ് 181 റണ്‍സടിച്ചത്. എന്നാല്‍ ഒരു പന്ത് ബാക്കി നിര്‍ത്തി കൊല്‍ക്കത്ത വിജയം പിടിച്ചെടുത്തു. റസലിന് പുറമെ 47 പന്തില്‍ 68 റണ്‍സടിച്ച നീതീഷ് റാണയും അവസാന ഓവറില്‍ രണ്ട് സിക്സറുകളുമായി വിജയറണ്‍ സമ്മാനിച്ച ശുഭ്മാന്‍ ഗില്ലും കൊല്‍ക്കത്തയ്ക്കായി തിളങ്ങി.
