തുടക്കം തകര്‍ന്ന കൊല്‍ക്കത്തയെ ഒറ്റയ്‌ക്ക് ചുമലിലേറ്റിയ കാര്‍ത്തിക് 50 പന്തില്‍ 97 റണ്‍സുമായി പുറത്താകാതെ നിന്നു. ഒന്‍പത് സിക്‌സുകളാണ് ഡികെയുടെ ബാറ്റില്‍ നിന്ന് പറന്നത്. 

കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഡികെ വെടിക്കെട്ടില്‍ രാജസ്ഥാനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മികച്ച സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റിന് 175 റണ്‍സെടുത്തു. തുടക്കം തകര്‍ന്ന കൊല്‍ക്കത്തയെ ഒറ്റയ്‌ക്ക് ചുമലിലേറ്റിയ കാര്‍ത്തിക് 50 പന്തില്‍ 97 റണ്‍സുമായി പുറത്താകാതെ നിന്നു. ഒന്‍പത് സിക്‌സുകളാണ് ഡികെയുടെ ബാറ്റില്‍ നിന്ന് പറന്നത്. 

കുല്‍ക്കര്‍ണിക്ക് പകരം ടീമിലെത്തിയ വരുണ്‍ ആരോണ്‍ ആഞ്ഞടിച്ചതോടെ കൊല്‍ക്കത്തയ്ക്ക് തുടക്കം പിഴച്ചു. ഓപ്പണര്‍മാരായ ലിന്നും(0) ഗില്ലും(14) പുറത്താകുമ്പോള്‍ അഞ്ച് ഓവറില്‍ 31 റണ്‍സ്. റാണയ്ക്കും(21) നരെയ്‌നും(11) വീതം റണ്‍സാണ് നേടാനായത്. 16 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ കൊല്‍ക്കത്ത 115-5.

അവസാന ഓവറുകളില്‍ വെടിക്കെട്ടിന് പേരുകേട്ട റസലിനും തിളങ്ങാനായില്ല. വിന്‍ഡീസ് സഹതാരം ഓഷേന്‍ തോമസിന്‍റെ ബൗണ്‍സറില്‍ റസല്‍, പരാഗിന്‍റെ കൈകളില്‍ അവസാനിച്ചു. ബ്രാത്ത്‌വെയ്റ്റ്(5) വന്നപോലെ മടങ്ങി. എന്നാല്‍ അവസാന നാല് ഓവറില്‍ 60 റണ്‍സടിച്ച് ദിനേശ് കാര്‍ത്തിക്കിന്‍റെ കൊല്‍ക്കത്ത മികച്ച സ്‌കോറിലെത്തി. കാര്‍ത്തിക്കിനൊപ്പം റിങ്കു സിംഗ്(3) പുറത്താകാതെ നിന്നു.