Asianet News MalayalamAsianet News Malayalam

പാണ്ഡ്യയുടെ വെടിക്കെട്ട് പാഴായി; കൊല്‍ക്കത്തക്കെതിരെ മുംബൈക്ക് തോല്‍വി

കൊല്‍ക്കത്തയുടെ കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ മുംബൈ ആദ്യ പത്തോവറിനുള്ളില്‍ തന്നെ തോല്‍വി ഉറപ്പിച്ചതാണ്. എന്നാല്‍ അങ്ങനെയങ്ങ് തോറ്റുകൊടുക്കാന്‍ തയാറാവാതിരുന്ന ഹര്‍ദ്ദിക് പാണ്ഡ്യ നടത്തിയ വെടിക്കെട്ട് കൊല്‍ക്കത്തയുടെ ചങ്കിടിപ്പ് കൂട്ടി.

Kolkata Knight Riders beat Mumbai Indians lost to  by 34 runs
Author
Kolkata, First Published Apr 28, 2019, 11:53 PM IST

കൊല്‍ക്കത്ത: ഹര്‍ദ്ദിക് പാണ്ഡ്യയുടെ അവിശ്വസനീയ ഇന്നിംഗ്സിനും മുംബൈയെ ജയത്തിലെത്തിക്കാനായില്ല. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് 34 റണ്‍സിന് തോറ്റ മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഇനിയും കാത്തിരിക്കണം. തുടര്‍ച്ചയായ ആറ് തോല്‍വികള്‍ക്കൊടുവില്‍ വിജയമധുരം നുണഞ്ഞ കൊല്‍ക്കത്ത പ്ലേ ഓഫ് പ്രതീക്ഷകള്‍ ബാക്കിയാക്കിയാണ് ഈഡന്‍ഗാര്‍ഡന്‍സില്‍ ജയിച്ചുകയറിയത്. സ്കോര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 20 ഓവറില്‍ 232/2, മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 198/7

കൊല്‍ക്കത്തയുടെ കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ മുംബൈ ആദ്യ പത്തോവറിനുള്ളില്‍ തന്നെ തോല്‍വി ഉറപ്പിച്ചതാണ്. എന്നാല്‍ അങ്ങനെയങ്ങ് തോറ്റുകൊടുക്കാന്‍ തയാറാവാതിരുന്ന ഹര്‍ദ്ദിക് പാണ്ഡ്യ നടത്തിയ വെടിക്കെട്ട് കൊല്‍ക്കത്തയുടെ ചങ്കിടിപ്പ് കൂട്ടി. 34 പന്തില്‍ 91 റണ്‍സടിച്ച ഹര്‍ദ്ദിക്ക് ഒമ്പത് സിക്സറും ആറ് ബൗണ്ടറിയും പറത്തി. 17 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച പാണ്ഡ്യ സീസണിലെ അതിവേഗ അര്‍ധസെഞ്ചുറിയെന്ന നേട്ടവും സ്വന്തമാക്കി. പതിനെട്ടാം ഓവറിലെ അവസാന പന്തില്‍ ഗുര്‍ണെ ഹര്‍ദ്ദികിനെ റസലിന്റെ കൈകകളിലെത്തിച്ചപ്പോഴാണ് കൊല്‍ക്കത്തക്ക് ശ്വാസം നേരെ വീണത്.

രണ്ടാം ഓവറില്‍ തന്നെ ക്വിന്റണ്‍ ഡീകോക്കിനെ(0) നഷ്ടമായ മുംബൈക്ക് പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ(12), എവിന്‍ ലൂയിസ്(15), സൂര്യകുമാര്‍ യാദവ്(26) എന്നിവരും അതിവേഗം മടങ്ങിയതോടെ ഒമ്പതാം ഓവറില്‍ 58/4 എന്ന സ്കോറിലേക്ക് കൂപ്പുകുത്തിയ മുംബൈ കനത്ത തോല്‍വി വഴങ്ങുമെന്ന് കരുതിയെങ്കിലും ഹര്‍ദ്ദിക് നടത്തിയ ഒറ്റയാള്‍ പോരാട്ടം മത്സരം ആവേശകരമാക്കി. പൊള്ളാര്‍ഡിനും(20 പന്തില്‍ 20), ക്രുനാല്‍ പാണ്ഡ്യക്കും(18 പന്തില്‍ 24) സ്കോര്‍ ഉയര്‍ത്താനാവാഞ്ഞത് മുംബൈക്ക് തിരിച്ചടിയായി.

കൊല്‍ക്കത്ത നിരയില്‍ നാലോവറില്‍ 57 റണ്‍സ് വഴങ്ങിയ പിയൂഷ് ചൗളയാണ് കൂടുതല്‍ പ്രഹരമേറ്റുവാങ്ങിയത്. സുനില്‍ നരെയ്ന്‍ നാലോവറില്‍ 44 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്തപ്പോള്‍ മലയാളി താരം നാലോവറില്‍ 29 റണ്‍സ് മാത്രമെ വിട്ടുകൊടുത്തുള്ളു. നാലോവറില്‍ 25 റണ്‍സ് വിട്ടുകൊടുത്ത് റസലും നാലോവറില്‍ 37 റണ്‍സിന് രണ്ടു വിക്കറ്റെടുത്ത ഗുര്‍ണെയും കൊല്‍ക്കത്തക്കായി ബൗളിംഗില്‍ തിളങ്ങി.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ആന്ദ്രെ റസലിന്റെയും ശുഭ്മാന്‍ ഗില്ലിന്റെയും ക്രിസ് ലിന്നിന്റെയും വെടിക്കെട്ട് ബാറ്റിംഗ് കരുത്തിലാണ് മികച്ച സ്കോര്‍ കുറിച്ചത്. വണ്‍ ഡൗണായി ക്രീസിലെത്തിയ റസല്‍ 40 പന്തില്‍ 80 റണ്‍സെടുത്ത് പുറത്താകാതെ നിന്നപ്പോള്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത ഗില്‍ 45 പന്തില്‍  76 റണ്‍സെടുത്ത് പുറത്തായി. 29 പന്തില്‍ 54 റണ്‍സെടുത്ത് പുറത്തായ ക്രിസ് ലിന്നാണ് കൊല്‍ക്കത്തക്കായി തിളങ്ങിയ മറ്റൊരു താരം. ഓപ്പണിംഗ് വിക്കറ്റില്‍ ഗില്ലും ലിന്നും  ചേര്‍ന്ന് 9.3 ഓവറില്‍ 96 റണ്‍സ് അടിച്ചെടുത്തു. ലിന്നിനെ രാഹുല്‍ ചാഹര്‍ വീഴ്ത്തിയശേഷം ക്രീസിലെത്തിയ റസല്‍ പതുക്കെയാണ് തുടങ്ങിയത്.

Follow Us:
Download App:
  • android
  • ios