മുംബൈ: ഐപിഎല്‍ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സിന്റെ പല വിജയങ്ങളിലും യുവ സ്പിന്നര്‍ രാഹുല്‍ ചാഹിറിന് വ്യക്തമായ പങ്കുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ ഫൈനലില്‍ നാല് ഓവറില്‍ വെറും 14 റണ്‍സ് മാത്രം വിട്ടുനില്‍കി താരം ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു. വിവിധ മത്സരങ്ങളിലെ പ്രകടനത്തെ തുടര്‍ന്ന് താരത്തിന് ഗെയിം ചെയ്ഞ്ചര്‍ ഓഫ് സീസണ്‍ പുരസ്‌കാരവും ലഭിച്ചിരുന്നു. 

താരത്തെ പ്രശംസക്കൊണ്ട് മൂടിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് കോച്ച് മഹേല ജയവര്‍ധനെയും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും. വിസ്മയിപ്പിക്കുന്ന താരമാണ് രാഹുല്‍ ചാഹറെന്ന് സച്ചിന്‍ പറഞ്ഞു. അദ്ദേഹം തുടര്‍ന്നു.. അതിശയിപ്പിക്കുന്ന താരമാണ് രാഹുല്‍ ചാഹര്‍. ആദ്യ മത്സരത്തിന് ഞാന്‍ എന്റെ അഭിപ്രായം മഹേലയുമായി പങ്കുവച്ചിരുന്നു. പ്രധാന മത്സരങ്ങള്‍ പക്വതയോടെ കൈകാര്യം ചെയ്യുന്നുവെന്നതും രാഹുലിന്റെ മികവാണെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു. 

ജയവര്‍ധനേയും യുവതാരത്തെ കുറിച്ച് വാചാലനായി. ടൂര്‍ണമെന്റിലുടനീളം എതിര്‍ ടീമിനെ സമ്മര്‍ദ്ദത്തിലാക്കുന്ന പ്രകടനമായിരുന്നു രാഹുല്‍ ചാഹറിന്റേതെന്ന് ജയവര്‍ധനേ കൂട്ടിച്ചേര്‍ത്തു.