ബംഗളൂരു: മുന്‍ ഓസീസ് പേസര്‍ മിച്ചല്‍ ജോണ്‍സണ്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ വെറുതെ പരിഹസിക്കുന്നത് അപൂര്‍വ സംഭവമൊന്നുമല്ല. ഇടയ്‌ക്കെല്ലാം ജോണ്‍സണ്‍ ചെയ്യാറുണ്ട്. ഇന്ത്യന്‍ ആരാധകരില്‍ നിന്ന് അതിനുളള ചുട്ടമറുപടിയും താരത്തിന് കിട്ടാറുണ്ട്. ഐപിഎല്‍ മത്സരങ്ങള്‍ക്കിടയിലും താരം വെറുതെയിരുന്നില്ല.

ഇന്‍സ്റ്റഗ്രാമില്‍ ആസ്‌ക് മി എ ക്വസ്റ്റ്യനിലൂടെയാണ് ജോണ്‍സണ്‍, കോലിയെ പരിഹസിക്കുന്ന രീതിയില്‍ മറുപടി നല്‍കിയത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇത്തവണ ഐപിഎല്‍ കിരീടം നേടുമോ എന്നുള്ളതായിരുന്നു ചോദ്യം. അതിന് ജോണ്‍സണ്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. ''അവരുടെ ക്യാപ്റ്റനെ നീക്കിയാല്‍ ടീം വിജയിച്ചേക്കാം'' അവസാനം ചിരിക്കുന്ന സ്‌മൈലിയും കമന്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

ബാംഗ്ലൂരിന്റെ ക്യാപ്റ്റന്‍ എന്ന നിലയില്‍ കോലിക്ക് അധികമൊന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. തുടര്‍ച്ചയായ ഏഴാം സീസണിലാണ് കോലി ബാംഗ്ലൂരിനെ നയിക്കുന്നത്. ഒരു കിരീടം പോലും നേടാന്‍ സാധിച്ചിട്ടില്ല. നേരത്തെ, മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറും കോലിയുടെ ക്യാപ്റ്റന്‍സിയെ കുറിച്ച് സംസാരിച്ചിരുന്നു. ഒരു കിരീടം പോലും നേടാനാവാതെ പോയിട്ടും കോലി ഇപ്പോഴും ബാംഗ്ലൂരിന്റെ ക്യാപ്റ്റനായി തുടരുന്നത് അദ്ദേഹത്തിന്റെ ഭാഗ്യമാണെന്നാണ് ഗംഭീര്‍ പറഞ്ഞത്.