ദില്ലി: ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കിയെങ്കിലും നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ എം എസ് ധോണി അത്ര സന്തുഷ്‌ടനല്ല. ചെന്നൈയുടെ ഫീൽഡിംഗ് ഏറെ മെച്ചപ്പെടാനുണ്ടെന്ന് നായകന്‍ എം എസ് ധോണി ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരശേഷം പറഞ്ഞു. പരിചയസമ്പന്നരായ ബാറ്റ്സ്മാൻമാരാണ് ടീമിന്‍റെ കരുത്തെന്നും ധോണി പറഞ്ഞു. 

ചൊവ്വാഴ്‌ച ദില്ലിയില്‍ നടന്ന മത്സരത്തില്‍ ചെന്നൈ ആറ് വിക്കറ്റിന് ഡൽഹി ക്യാപിറ്റൽസിനെ തോൽപിച്ചു. ഡൽഹിയുടെ 147 റൺസ് ചെന്നൈ രണ്ട് പന്ത് ശേഷിക്കേ മറികടന്നു. ഷെയ്ൻ വാട്‌സൺ 44 റണ്‍സും സുരേഷ് റെയ്ന 30 റണ്‍സും കേദാ‍ർ ജാദവ് 27 റണ്‍സുമെടുത്തപ്പോൾ നായകന്‍ എം എസ് ധോണി 32 റൺസുമായി പുറത്താവാതെ നിന്നു. അമിത് മിശ്ര രണ്ട് വിക്കറ്റ് വീഴ്ത്തി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഡൽഹി ആറ് വിക്കറ്റിനാണ് 147 റൺസെടുത്തത്. 47 പന്തിൽ 51 റൺസെടുത്ത ശിഖർ ധവാനാണ് ടോപ് സ്കോറർ. ഏഴ് ഫോറടങ്ങിയതാണ് ധവാന്‍റെ ഇന്നിംഗ്സ്. പൃഥ്വി ഷാ 24 റണ്‍സും ശ്രേയസ് അയ്യർ 18 റണ്‍സും റിഷഭ് പന്ത് 25 റൺസിനും പുറത്തായി. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി ഡ്വെയിൻ ബ്രാവോ മൂന്ന് വിക്കറ്റ് വീഴ്ത്തി