ചെന്നൈ- ഡല്‍ഹി മത്സരത്തില്‍ രണ്ട് മിന്നല്‍ സ്റ്റംപിംഗും ഒരു ക്യാച്ചുമാണ വിക്കറ്റിന് പിന്നില്‍ ധോണി നേടിയത്. 

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- ഡല്‍ഹി കാപിറ്റല്‍സ് മത്സരത്തിലെ പ്രധാന ആകര്‍ഷണം വിക്കറ്റിന് മുന്നിലെയും പിന്നിലെയും ധോണി മാജിക്കായിരുന്നു. രണ്ട് മിന്നല്‍ സ്റ്റംപിംഗും ഒരു ക്യാച്ചുമാണ് വിക്കറ്റിന് പിന്നില്‍ ധോണി നേടിയത്. മികച്ച ബാറ്റിംഗ് പുറത്തെടുത്ത ഡല്‍ഹി നായകന്‍ ശ്രേയസ് അയ്യരും ഓള്‍റൗണ്ടര്‍ ക്രിസ് മോറിസുമാണ് ധോണി വേഗത്തിന് മുന്നില്‍ പവലിയനിലേക്ക് അതിവേഗം മടങ്ങിയത്.

ധോണിയുടെ മിന്നല്‍ സ്റ്റംപിംഗ് കണ്ട ക്രിക്കറ്റ് അവതാരകര്‍ക്ക് മത്സരശേഷം അതിനെ കുറിച്ച് തന്നെയാണ് ചോദിക്കാനുണ്ടായിരുന്നത്. മിന്നല്‍ സ്റ്റംപിംഗിന് പിന്നിലെ രഹസ്യം ധോണി വെളിപ്പെടുത്തിയതിങ്ങനെ. ടെന്നീസ് ബോള്‍ ക്രിക്കറ്റില്‍ നിന്ന് നേടിയതാണ് മിന്നല്‍ വേഗമെന്ന് ധോണി വ്യക്തമാക്കി. എന്നാല്‍ ഇപ്പോഴും പ്രാഥമിക പാഠങ്ങള്‍ പരിശീലിക്കേണ്ടതുണ്ടെന്നും മത്സരശേഷം ധോണി പറഞ്ഞു. 

മത്സരത്തില്‍ ബാറ്റു കൊണ്ടും തിളങ്ങിയ ധോണി 22 പന്തില്‍ 44 റണ്‍സെടുത്തു. മത്സരം ചെന്നൈ 80 റണ്‍സിന് വിജയിച്ചു. സുരേഷ് റെയ്‌ന 37 പന്തില്‍ 59 റണ്‍സും ഡുപ്ലസിസ് 39 റണ്‍സുമെടുത്തപ്പോള്‍ ചെന്നൈ 20 ഓവറില്‍ നാല് വിക്കറ്റിന് 179 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ഡല്‍ഹി 16.2 ഓവറില്‍ 99ന് പുറത്തായി. നാല് വിക്കറ്റ് വീഴ്‌ത്തിയ താഹിറും മൂന്ന് പേരെ മടക്കിയ ജഡേജയുമാണ് ഡല്‍ഹിയെ എറിഞ്ഞിട്ടത്.