ഇപ്പോഴത്തെ സാഹചര്യത്തില്‍ ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷര്‍ ഋഷഭ് പന്ത് തന്നെയാണ്. കുറഞ്ഞപക്ഷം ഡല്‍ഹി ക്യാപിറ്റല്‍സിന്റെ കാര്യത്തിലെങ്കിലും.

ദില്ലി: ടി20 ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും മികച്ച ഫിനിഷര്‍ ഋഷഭ് പന്താണെന്ന് ഡല്‍ഹിയുടെ യുവതാരം പൃഥ്വി ഷാ. ഇന്നലെ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരശേഷമായിരുന്നു പൃഥ്വി ഷായുടെ കമന്റ്. മത്സത്തില്‍ 37 പന്തില്‍ 78 റണ്‍സുമായി പുറത്താകാതെ നിന്ന പന്ത് ഡല്‍ഹിയുടെ വിജയശില്‍പിയായിരുന്നു.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷര്‍ ഋഷഭ് പന്ത് തന്നെയാണ്. കുറഞ്ഞപക്ഷം ഡല്‍ഹി ക്യാപിറ്റല്‍സിന്റെ കാര്യത്തിലെങ്കിലും. രാജസ്ഥാന്‍ ഉയര്‍ത്തിയ 192 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന് ജയിക്കാമെന്ന ആത്മവിശ്വാസമുണ്ടായിരുന്നുവെന്നും പൃഥ്വി ഷാ പറഞ്ഞു. പവര്‍ പ്ലേ ഓവറുകളില്‍ ശീഖര്‍ ധവാന്‍ അടിച്ചു കളിക്കുക കൂടി ചെയ്തതോടെ കാര്യങ്ങള്‍ എളുപ്പമായി.

ഷോര്‍ട്ട് പിച്ച് പന്തുകളും ബൗണ്‍സറുകളും കൊണ്ട് ജോഫ്ര ആര്‍ച്ചര്‍ ഞങ്ങളെ ബുദ്ധിമുട്ടിക്കുമെന്ന് അറിയാമായിരുന്നു. അതിനായി തയാറെടുത്തുതന്നെയാണ് ഇറങ്ങിയത്. ധവാന്‍ മറുവശത്ത് അടിച്ചു തകര്‍ക്കുന്നതിനാലാണ് തന്റ ഇന്നിംഗ്സിന്റെ വേഗം കുറച്ചതെന്നും ഷാ പറഞ്ഞു.

കോച്ച് റിക്കി പോണ്ടിംഗും ഉപദേശകരായ സൗരവ് ഗാംഗുലിയും മുഹമ്മദ് കൈഫും നല്‍കുന്ന നിര്‍ദേശങ്ങള്‍ വിലപ്പെട്ടതാണെന്നും ഷാ പറഞ്ഞു. പ്രാക്ടീസ് ഇല്ലാത്തപ്പോള്‍ ഞങ്ങള്‍ക്കൊപ്പം അടിച്ചുപൊളിക്കാന്‍ ദാദയും കൂടാറുണ്ട്. ടീം അംഗങ്ങള്‍ക്കിടയില്‍ വളരെ അടുത്തബന്ധമാണുള്ളതെന്നും ഷാ പറഞ്ഞു.