ഐപിഎല്ലില്‍ കളിക്കാന്‍ മലിംഗയ്ക്ക് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അനുമതി നല്‍കി. മുംബൈ ടീമിന് ഊര്‍ജം പകരുന്ന കാര്യമാണിത്. 

മുംബൈ: ഐപിഎല്ലില്‍ തങ്ങളുടെ രണ്ടാം മത്സരത്തിന് മുന്‍പ് മുംബൈ ഇന്ത്യന്‍സിനെ തേടി ആശ്വാസ വാര്‍ത്ത. ഐപിഎല്ലില്‍ കളിക്കാന്‍ മലിംഗയ്ക്ക് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അനുമതി നല്‍കി എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ എത്ര മത്സരങ്ങളില്‍ മലിംഗയ്ക്ക് കളിക്കാനാകും എന്ന് ഇപ്പോള്‍ വ്യക്തമല്ല. പരിചയസമ്പന്നനായ മലിംഗയുടെ വരവ് മുംബൈ ടീമിന് ഊര്‍ജം നല്‍കുന്ന വാര്‍ത്തയാണ്.

ശ്രീലങ്കയിലെ ആഭ്യന്തര ഏകദിന ടൂര്‍ണമെന്‍റായ സൂപ്പര്‍ പ്രൊവിന്‍ഷ്യല്‍ ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്നതിനാല്‍ മലിംഗയ്ക്ക് മുംബൈയുടെ ആദ്യ മത്സരം നഷ്ടമായിരുന്നു. മെയ് അവസാനം ഇംഗ്ലണ്ടിലും വെയില്‍സിലുമായി നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ശ്രീലങ്കന്‍ ടീമില്‍ ഇടം നേടുന്നതിനായാണ് മലിംഗ ആഭ്യന്തര ഏകദിന ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. 

ലോകകപ്പ് ടീമിലേക്ക് പരിഗണിക്കണമെങ്കില്‍ ആഭ്യന്തര ഏകദിന ടൂര്‍ണമെന്‍റില്‍ കളിക്കണമെന്ന് മലിംഗയോട് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നിര്‍ദേശിക്കുകയായിരുന്നു. മലിംഗയെ ഐപിഎല്‍ തുടങ്ങുന്നതിന് മുന്‍പ് വിട്ടുനല്‍കാത്തതില്‍ ബിസിസിഐ അതൃപ്തി അറിയിച്ചിരുന്നു.