ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒട്ടേറെ പ്രതിഭകളെ വാര്‍ത്തെടുത്ത ദാദ യുവതാരത്തെ എടുത്തുയര്‍ത്തുന്ന ചിത്രം ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.
ദില്ലി: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ തകര്‍പ്പന്‍ ഫിനിഷിംഗുമായി ഡല്‍ഹി ക്യാപിറ്റല്‍സിനെ വിജയത്തിലെത്തിച്ച യുവതാരം ഋഷഭ് പന്തിനെ വാനോളം പുകഴ്ത്തി മുന്‍ ഇന്ത്യന്‍ നായകനും ഡല്‍ഹി ടീം മെന്ററുമായ സൗരവ് ഗാംഗുലി. മത്സരശേഷം ഡഗൗട്ടിലേക്ക് മടങ്ങുകയായിരുന്ന പന്തിനെ ഓടിയെത്തി എടുത്തുയര്‍ത്തിയാണ് ദാദ സന്തോഷം പ്രകടിപ്പിച്ചത്.
ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒട്ടേറെ പ്രതിഭകളെ വാര്‍ത്തെടുത്ത ദാദ യുവതാരത്തെ എടുത്തുയര്‍ത്തുന്ന ചിത്രം ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. നീ ഇത് അര്‍ഹിക്കുന്നു, നിന്റെ പ്രകടനത്തിന് 'വൗ' എന്നല്ലാതെ എന്താണ് പറയുകയെന്ന് ദാദ ട്വീറ്റ് ചെയ്തു. ദാദ തന്നെ എടുത്തുയര്‍ത്തിയത് ഒരു സ്വപ്നം പോലെയായിരുന്നുവെന്ന് മത്സരശേഷം ഋഷഭ് പന്ത് സഹതാരം പൃഥ്വി ഷായോട് പറഞ്ഞു.
ടീമിനായി നിര്‍ണായക മത്സരത്തില്‍ ജയം സമ്മാനിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും കളിയിലെ കേമനായി തെരഞ്ഞെടുക്കപ്പെട്ടശേഷം പന്ത് പറഞ്ഞു. ഋഷഭ് പന്തിനെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയതില്‍ ഡല്‍ഹി പരിശീലകന്‍ റിക്കി പോണ്ടിംഗ് അടക്കം രംഗത്തുവന്നിരുന്നു.
