ജയ്പൂര്‍:ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സും കിംഗ്സ് ഇലവന്‍ പ‍ഞ്ചാബും ആദ്യതവണ ഏറ്റുമുട്ടിയപ്പോള്‍ ജോസ് ബട്‌ലറെ മങ്കാദിംഗിലൂടെ പുറത്താക്കിയ പഞ്ചാബ് നായകന്‍ അശ്വിന്‍ രാജസ്ഥാന്‍ താരങ്ങളിലുണ്ടാക്കിയ ഞെട്ടല്‍ ഇനിയും മാറിയിട്ടില്ല. ഇന്നലെ വീണ്ടും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ബട്‌ലര്‍ക്ക് പന്തെറിയാന്‍ അശ്വിന്‍ എത്തിയില്ല. അശ്വിന്‍ പന്തെറിയാനെത്തും മുമ്പെ ബട്‌ലര്‍ പുറത്താവുകയും ചെയ്തു.

എന്നാല്‍ മത്സരത്തിലെ രസകരമായ മറ്റൊരു കാഴ്ച മുഹമ്മദ് ഷമി പന്തെറിയാന്‍ എത്തിയപ്പോഴായിരുന്നു. മത്സരത്തിന്റെ അവസാന ഓവറുകളില്‍ ജയത്തിലേക്ക് ഓവറില്‍ 15 റണ്‍സിലേറെ വേണമെന്നിരിക്കെ അജിങ്ക്യാ രഹാനെയും സ്റ്റുവര്‍ട്ട് ബിന്നിയുമായിരുന്നു ആ സമയം രാജസ്ഥാനായി ക്രീസിലുണ്ടായിരുന്നത്.

രഹാനെക്ക് പന്തെറിയാനെത്തിയ ഷമി ബൗളിംഗ് ആക്ഷന്‍ തുടങ്ങിയശേഷം അത് പൂര്‍ത്തിയാക്കാതെ തിരിഞ്ഞു നടന്നു. ഈ സമയം ക്രീസിന് പുറത്തായിരുന്ന ബിന്നി അതിവേഗം ക്രിസിലേക്ക് ചാടിക്കയറുന്നതിന്റെ വീഡിയോ ആണ് ആരാധകര്‍ ഏറ്റെടുത്തത്. ബിന്നിയുടെ ചാട്ടം ഭാര്യയും ഐപിഎല്‍ അവതാരകയുമായ മായന്തി ലാംഗറിലും ചിരി പടര്‍ത്തി.