ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ചൈന്നൈ സൂപ്പര്‍ കിംഗ്സിനായി ടോസ് ചെയ്യാന്‍ എത്തിയത് നായകന്‍ ധോണിക്ക് പകരം സുരേഷ് റെയ്നയായിരുന്നു. 2010നുശേഷം ആദ്യമായാണ് ധോണി ചെന്നൈക്കായി ഒരു മത്സരം കളിക്കാതിരിക്കുന്നത്.

രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ബാറ്റിംഗിനിടെ പുറംവേദന അനുഭവപ്പെട്ട ധോണിയുടെ പരിക്കിനെക്കുറിച്ച് ആരാധകര്‍ ആശങ്കപ്പെട്ടിരിക്കെ ധോണിയുടെ അഭാവത്തിനുള്ള കാരണം സുരേഷ് റെയ്ന തന്നെ വ്യക്തമാക്കി. പുറംവേദന അനുഭവപ്പെട്ട ധോണിക്ക് മുന്‍കരുതലെന്ന നിലയില്‍ ഈ മത്സരത്തില്‍ വിശ്രമം അനുവദിച്ചതാണെന്ന് ഹൈദരാബാദിനെതിരെ ടോസ് നേടിയശേഷം റെയ്ന പറഞ്ഞു.

ധോണി അടുത്ത മത്സരത്തില്‍ തിരിച്ചെത്തുമെന്നും റെയ്ന വ്യക്തമാക്കി. എട്ടു കളികളില്‍ ഏഴു ജയം നേടിയ ചെന്നൈ 14 പോയന്റുമായി പ്ലേ ഓഫ് യോഗ്യതക്ക് തൊട്ടടുത്താണ്. ധോണിക്ക് പകരം സാം ബില്ലിംഗ്സാണ് ഇന്ന് ചെന്നൈക്കായി ഇറങ്ങിയത്. ബില്ലിംഗ്സിന് റണ്‍സൊന്നും നേടാനായില്ല.