കൊല്‍ക്കത്ത: ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് നായകന്‍ ആര്‍ അശ്വിനെ ചുറ്റിപ്പറ്റിയുള്ള മങ്കാദിങ് വിവാദം കെട്ടടങ്ങിയിട്ടില്ല. ഇതിലെ ആരാധക പ്രതിഷേധം കത്തിനില്‍ക്കേ അശ്വിന്‍ വീണ്ടും ട്രോളുകളില്‍ നിറഞ്ഞു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിലെ ക്യാപ്റ്റന്‍സി പിഴവുകളാണ് അശ്വിനെ വീണ്ടും ആരാധകരുടെ കണ്ണിലെ കരടാക്കിയത്.

യുവതാരം വരുണ്‍ ചക്രവര്‍ത്തിയെ രണ്ടാം ഓവറില്‍ പന്തേല്‍പിച്ചത് മുതല്‍ അശ്വിന് പിഴയ്‌ക്കുകയായിരുന്നു. വരുണ്‍ വഴങ്ങിയത് 25 റണ്‍സ്. നായകന്‍ സ്വയം പന്തെറിയാനെത്തിയപ്പോഴും മാറ്റമുണ്ടായില്ല. നാലോവറില്‍ വഴങ്ങിയത് വിക്കറ്റില്ലാതെ 47 റണ്‍സ്. അശ്വിന്‍റെ പന്തുകള്‍ ഗാലറിയിലേക്ക് പറന്നപ്പോള്‍ 'കാലത്തിന്‍റെ കാവ്യനീതി' എന്നായിരുന്നു ആരാധകരുടെ പ്രതികരണങ്ങള്‍. ബൗളിംഗ് മാറ്റങ്ങളിലും തന്ത്രങ്ങളിലും പിഴച്ചപ്പോള്‍ അവസാന ഓവറില്‍ ഷമി വരെ തല്ല് വാങ്ങി. 

അശ്വിന് ഫീല്‍ഡിലും പിഴവുകളുടെ ദിനമായിരുന്നു കൊല്‍ക്കത്തയ്ക്കെതിരായ മത്സരം. 17-ാം ഓവറിലെ അവസാന പന്തില്‍ മുഹമ്മദ് ഷമി, ആന്ദ്രേ റസലിന്‍റെ വിക്കറ്റ് പിഴുതെങ്കിലും അംപയര്‍ നോബോള്‍ വിളിച്ചു. സര്‍ക്കിളിനുള്ളില്‍ നാലുപേര്‍ക്ക് പകരം മൂന്ന് ഫീല്‍ഡര്‍മാരെ മാത്രം നിര്‍ത്തിയതാണ് അശ്വിന് വിനയായത്. രണ്ട് റണ്‍സില്‍ നില്‍ക്കേ കിട്ടിയ ജീവന്‍ റസല്‍ ഒന്നാന്തരമായി മുതലാക്കി 17 പന്തില്‍ 48 റണ്‍സടിച്ചു.