വിരലിന് പരുക്കേറ്റ സ്‌പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്ക് സീസണിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും.

മൊഹാലി: ഐപിഎല്‍ പ്ലേ ഓഫ് അടുത്തിരിക്കേ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് തിരിച്ചടി. വിരലിന് പരുക്കേറ്റ സ്‌പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്ക് സീസണിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും. സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഒരു മത്സരം മാത്രമാണ് വരുണ്‍ കളിച്ചത്. 

ഐപിഎല്‍ 12-ാം എഡിഷനില്‍ താരലേലത്തില്‍ 8.4 കോടി രൂപയ്ക്കാണ് വരുണ്‍ ചക്രവര്‍ത്തിയെ കിംഗ്സ് ഇലവന്‍ സ്വന്തമാക്കിയത്. വമ്പന്‍ തുകയ്ക്ക് ഫ്രാഞ്ചൈസി സ്വന്തമാക്കിയതോടെ അത്ഭുത സ്‌പിന്നറെന്നായിരുന്നു വരുണിന് വിളിപ്പേര്. എന്നാല്‍ ഐപിഎല്‍ അരങ്ങേറ്റത്തില്‍ കൂടുതല്‍ റണ്‍സ് വിട്ടുകൊടുക്കുന്ന താരമെന്ന അനാവശ്യ റെക്കോര്‍ഡ് നേടി വരുണ്‍. വരുണിന്‍റെ ആദ്യ ഓവറില്‍ 25 റണ്‍സാണ് കൊല്‍ക്കത്ത താരങ്ങള്‍ അടിച്ചുകൂട്ടിയത്. 

വെള്ളിയാഴ്‌ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരെയാണ് കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്‍റെ അടുത്ത മത്സരം. 12 മത്സരങ്ങളില്‍ അ‍ഞ്ച് ജയവും 10 പോയിന്‍റുമായി ഏഴാം സ്ഥാനത്താണ് കിംഗ്‌സ് ഇലവന്‍.