കൊല്‍ക്കത്ത: ഐപിഎല്‍ 12-ാം എഡിഷനില്‍ താരലേലത്തില്‍ 8.4 കോടി രൂപയ്ക്ക് കിംഗ്സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കിയ താരമാണ് വരുണ്‍ ചക്രവര്‍ത്തി. വമ്പന്‍ തുകയ്ക്ക് ഫ്രാഞ്ചൈസി സ്വന്തമാക്കിയതോടെ ഈ അത്ഭുത സ്‌പിന്നറെ ചുറ്റിപ്പറ്റി കഥകള്‍ നിറഞ്ഞു. വിജയ് ഹസാരെ ട്രോഫിയിലെയും തമിഴ്‌നാട് പ്രീമിയര്‍ ലീഗിലെയും പ്രകടനം കൂടിയായപ്പോള്‍ വരുണ്‍ വാര്‍ത്തകളിലെ താരമായി.

എന്നാല്‍ ഐപിഎല്‍ അരങ്ങേറ്റത്തില്‍ നിരാശ സമ്മാനിക്കുന്ന പ്രകടനമാണ് വരുണ്‍ ചക്രവര്‍ത്തി കാഴ്‌ചവെച്ചത്. ഐപിഎല്ലിലെ തന്‍റെ ആദ്യ ഓവറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ താരം 25 റണ്‍സ് വിട്ടുകൊടുത്തു. ഐപിഎല്‍ അരങ്ങേറ്റത്തില്‍ കൂടുതല്‍ റണ്‍സ് വഴങ്ങുന്ന താരമെന്ന മോശം റെക്കോര്‍ഡിലെത്തി ഇതോടെ വരുണ്‍ ചക്രവര്‍ത്തി‍. നരൈയിനിന്‍റെ വക മൂന്ന് സിക്‌സും ഒരു ഫോറുമാണ് ഈ ഓവറില്‍ പിറന്നത്.

എന്നാല്‍ തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ കളിച്ച 10 മത്സരങ്ങളിലും നാല് ഓവര്‍ വീതമെറിഞ്ഞ താരം ഒരിക്കല്‍ പോലും 25 റണ്‍സിലധികം വഴങ്ങിയിരുന്നില്ല. തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ 2018ല്‍ 240 പന്തുകള്‍ എറിഞ്ഞപ്പോള്‍ 125ഉം ഡോട്ട് ബോളുകളായിരുന്നു. ഒന്‍പത് വിക്കറ്റും വീഴ്‌ത്തി.