വാര്‍ണറുടെ മടക്കം തിരിച്ചടിയാവുമോ എന്ന ചോദ്യത്തിന് ക്ലാസ് മറുപടിയുമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പരിശീലകന്‍ ടോം മൂഡി

ഹൈദരാബാദ്: ഐപിഎല്ലില്‍ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണറില്ലാതെയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് അവശേഷിക്കുന്ന മത്സരങ്ങള്‍ കളിക്കുക. ലോകകപ്പ് ടീം ക്യാമ്പില്‍ പങ്കെടുക്കുന്നതിനായി വാര്‍ണര്‍ ഓസ്‌ട്രേലിയയിലേക്ക് കഴിഞ്ഞ ദിവസം മയങ്ങിയിരുന്നു. നിലവില്‍ ഐപിഎല്ലില്‍ 12-ാം സീസണിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരനാണ് വാര്‍ണര്‍.

വെടിക്കെട്ട് വാര്‍ണറുടെ അഭാവം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് തിരിച്ചടിയാവുമോ എന്ന ചര്‍ച്ചകള്‍ സജീവമാണ്. എന്നാല്‍ വാര്‍ണറുടെ അഭാവത്തെ വളരെ പോസിറ്റീവായാണ് സണ്‍റൈസേഴ്‌സ് പരിശീലകന്‍ ടോം മൂഡി കാണുന്നത്. തങ്ങള്‍ വാര്‍ണറെ മിസ് ചെയ്യുമെന്നുറപ്പ്. എന്നാല്‍ വാര്‍ണറുടെ അഭാവം മറ്റ് താരങ്ങള്‍ക്ക് മികവ് കാട്ടാനുള്ള അവസരമാണ്. ലോകോത്തര ഓപ്പണറായ മാര്‍ട്ടിന്‍ ഗുപ്‌റ്റിലിനെ വാര്‍ണര്‍ക്ക് പകരക്കാരനായി പരിഗണിക്കുന്നുണ്ട്. ബില്ലി സ്റ്റാന്‍‌ലേക്കിനെ പോലുള്ള താരങ്ങളും പരിഗണനയിലുണ്ടെന്നും പരിശീലകന്‍ വ്യക്തമാക്കി. 

ഈ സീസണില്‍ 12 മത്സരങ്ങള്‍ കളിച്ച വാര്‍ണര്‍ 692 റണ്‍സ് അടിച്ചുകൂട്ടി. രണ്ടാം സ്ഥാനത്തുള്ള കെ എല്‍ രാഹുലിനെക്കാള്‍ 172 റണ്‍സ് അധികം. ഒരു സെഞ്ചുറിയും എട്ട് അര്‍ദ്ധ സെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടുന്നു. പന്ത്രണ്ടാം മത്സരത്തിന് ശേഷമാണ് ലോകകപ്പ് തയ്യാറെടുപ്പുകള്‍ക്കായി ഓസീസ് ടീമിനൊപ്പം ചേരാന്‍ വാര്‍ണര്‍ നാട്ടിലേക്ക് മടങ്ങിയത്. കിംഗ്‌സ് ഇലവനെതിരെ 56 പന്തില്‍ 81 റണ്‍സെടുത്താണ് താരം ഐപിഎല്‍ 12-ാം സീസണ്‍ അവസാനിപ്പിച്ചത്.