അശ്വിന്‍റെ മങ്കാദിങ് സ്‌നേഹത്തോട് ഡേവിഡ് വാര്‍ണര്‍ ചെറുതായൊന്ന് പകവീട്ടി. സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തില്‍ പന്തെറിയാന്‍ അശ്വിന്‍ ഏഴാം ഓവറില്‍ എത്തിയപ്പോഴായിരുന്നു സംഭവം.
മൊഹാലി: ഐപിഎല്‍ 12-ാം സീസണില്‍ മങ്കാദിങ് നടത്തി വിവാദത്തിലായ താരമാണ് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് നായകന്‍ ആര്‍ അശ്വിന്‍. രാജസ്ഥാന്‍ റോയല്‍സ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ജോസ് ബട്‌ലറെയാണ് അശ്വിന്‍ മങ്കാദിങ്ങിലൂടെ അന്ന് പുറത്താക്കിയത്. എന്നാല്‍ അശ്വിന്‍റെ മങ്കാദിങ് സ്‌നേഹത്തോട് സണ്‍റൈസേഴ്‌സ് താരം ഡേവിഡ് വാര്‍ണര്‍ ചെറുതായൊന്ന് പകവീട്ടി.
സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തില്‍ പന്തെറിയാന്‍ അശ്വിന്‍ ഏഴാം ഓവറില്‍ എത്തി. ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ആയിരുന്നു നോണ്‍ സ്‌ട്രൈക്ക് എന്‍ഡില്‍. അശ്വിന്‍ പന്ത് റിലീസ് ചെയ്യുമ്പോള്‍ ക്രീസിന് പുറത്തായിരുന്നു വാര്‍ണര്‍. എന്നാല്‍ ഏന്തിവലിഞ്ഞ് ബാറ്റ് ക്രീസില്‍ കുത്തി വാര്‍ണര്‍ അശ്വിനെ ഞെട്ടിച്ചു. ഇതിലൂടെ അശ്വിനെ കളിയാക്കുകയായിരുന്നു വാര്‍ണര്‍ എന്നാണ് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ പറയുന്നത്.
