ദില്ലി: എം എസ് ധോണിയെ കാണാന്‍ സുരക്ഷാവേലി മറികടന്ന് ആരാധകര്‍ മൈതാനത്ത് കടക്കുന്ന സംഭവം വീണ്ടും. ഐപിഎല്ലില്‍ ഫിറോസ് ഷാ കോട്‌ലയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തിലാണ് രണ്ട് ആരാധകര്‍ പിച്ചിലേക്ക് ഓടിക്കയറിയത്. ചെന്നൈയ്‌ക്കായി ഓള്‍റൗണ്ടര്‍ ഡ്വെയ്‌ന്‍ ബ്രാവോ വിജയറണ്‍ നേടിയതിന് പിന്നാലെയായിരുന്നു സംഭവം. 

ഇതാദ്യമായല്ല ധോണിയെ കാണാന്‍ ആരാധകര്‍ മൈതാനം കയ്യടക്കുന്നത്. ചെപ്പോക്കില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ പരിശീലനത്തിനിടെ ഒരു ആരാധകന്‍ ധോണിയെ കാണാന്‍ മൈതാനത്തേക്ക് കടന്നുകയറിയതാണ് ഇതിന് മുന്‍പ് നടന്ന സംഭവം. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ധോണിയുടെ പിന്നാലെ ഓടി ആരാധകന്‍ ശ്രദ്ധേയനായിരുന്നു. ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. 

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ധോണി തിളങ്ങിയ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആറ് വിക്കറ്റിന് വിജയിച്ചു. ഡൽഹിയുടെ 147 റൺസ് ചെന്നൈ രണ്ട് പന്ത് ശേഷിക്കേ മറികടക്കുകയായിരുന്നു. ഷെയ്ൻ വാട്‌സൺ 44 റണ്‍സും സുരേഷ് റെയ്ന 30 റണ്‍സും കേദാ‍ർ ജാദവ് 27 റണ്‍സുമെടുത്തപ്പോൾ നായകന്‍ എം എസ് ധോണി 32 റൺസുമായി പുറത്താവാതെ നിന്നു. അമിത് മിശ്ര രണ്ട് വിക്കറ്റ് വീഴ്ത്തി.