കൊല്‍ക്കത്ത: കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- കിങ്‌സ് ഇലവന്‍ പഞ്ചാബ് മത്സരത്തിനിടെ ഏറെ ആശയക്കുഴപ്പമുണ്ടായ സംഭവമായിരുന്നു പഞ്ചാബിന് അനൂകൂലമായി നാല് റണ്‍സ് അനുവദിച്ചത്. ആറാം ഓവറില്‍ പഞ്ചാബിന്റെ മായങ്ക് അഗര്‍വാള്‍ കവറില്‍ പന്ത് തട്ടിയിട്ട് സിംഗിള്‍ നേടി. എന്നാല്‍ അടുത്ത പന്ത് എറിയുന്നതിന് മുമ്പ് തന്നെ അംപയര്‍ ബൗണ്ടറി സിഗ്നല്‍ കാണിച്ചു.

പെനാല്‍റ്റിയായിരിക്കും എന്നാണ് പലരും കരുതിയത്. എന്നാല്‍ പെനാല്‍റ്റി നല്‍കേണ്ട സാഹചര്യവും ഉണ്ടായിട്ടില്ല. എന്നാല്‍ സംഭവം അതൊന്നുമല്ലായിരുന്നു. പന്ത് കൈയിലൊതുക്കിയ നിതീഷ് റാണ മിഡ് ഓഫില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ആന്ദ്രേ റസ്സലിന് എറിഞ്ഞുകൊടുത്തു. എന്നാല്‍ കണ്ണിലേക്ക് വെളിച്ചമടിച്ചത് കാരണം റസ്സലിന് പന്ത് കാണാനായില്ല. റസ്സലിനേയും മറികടന്ന് പന്ത് ബൗണ്ടറി ലൈനിലേക്ക്. ഇതോടെ അംപയര്‍ ബൗണ്ടറി സിഗ്നല്‍ നല്‍കുകയായിരുന്നു. വീഡിയോ കാണാം.

പന്ത് ഡെഡ് ആയതിന് ശേഷമാണ് റാണ പാസ് ചെയ്തതെങ്കിലും അംപയര്‍മാര്‍ അംഗീകരിച്ചില്ല. തുടര്‍ന്ന് കൊല്‍ക്കത്ത ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക് അംപയര്‍മാരുമായി തര്‍ക്കിച്ചെങ്കിലും കാര്യമുണ്ടായില്ല.