ദില്ലി: എം എസ് ധോണി കളിക്കളത്തിലെ താരമാണെങ്കില്‍ ഗാലറിയിലും പുറത്തും സിവയാണ് സൂപ്പര്‍ താരം. ധോണിയുടെ മകള്‍ സിവ നൃത്തവും പാട്ടുമൊക്കെയായി ലക്ഷക്കണക്കിന് ആരാധകരെ ഇതിനകം സൃഷ്ടിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തിലും സിവയായിരുന്നു ഗാലറിയില്‍ നിറഞ്ഞുനിന്നത്.

ചെന്നൈക്കായി നായകന്‍ എം എസ് ധോണി ബാറ്റിംഗിനിറങ്ങിയപ്പോള്‍ പപ്പാ വിളികളോടെ സിവ ഗാലറിയില്‍ ഹര്‍ഷാരവം തീര്‍ത്തു. 11-ാം ഓവറില്‍ അമിത് മിശ്രയുടെ പന്തില്‍ റെയ്‌ന പുറത്തായപ്പോള്‍ അഞ്ചാമനായാണ് ധോണി ക്രീസിലെത്തിയത്. ധോണി മൈതാനത്തിറങ്ങുന്നത് കണ്ടതും സിവ പപ്പാ വിളി തുടങ്ങി. ധോണിക്ക് ആര്‍പ്പുവിളിക്കുന്ന സിവയുടെ വീഡിയോ ആഘോഷിക്കുകയാണ് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍.

മത്സരത്തില്‍ ചെന്നൈ ആറ് വിക്കറ്റിന് വിജയിച്ചപ്പോള്‍ ധോണി ബാറ്റ് കൊണ്ട് തിളങ്ങുകയും ചെയ്തു. ഡൽഹിയുടെ 147 റൺസ് ചെന്നൈ രണ്ട് പന്ത് ശേഷിക്കേ മറികടക്കുകയായിരുന്നു. എം എസ് ധോണി 32 റൺസുമായി പുറത്താവാതെ നിന്നു.