Asianet News MalayalamAsianet News Malayalam

ഐപിഎല്ലില്‍ പ്ലേ ഓഫ് ബര്‍ത്തിനായി പൊരിഞ്ഞ പോരാട്ടം; സാധ്യതകള്‍ ഇങ്ങനെ

പ്ലേ ഓഫിലെ ശേഷിക്കുന്ന രണ്ട് സ്ഥാനത്തിനായി അഞ്ച് ടീമുകളാണ് പോരാടിക്കുന്നത്. ഇന്ന് നടക്കുന്ന ചെന്നൈ-ഡല്‍ഹി മത്സര വിജയികളായിരിക്കും പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായി പ്ലേ ഓഫ് കളിക്കുക. മറ്റ് ടീമുകളും സാധ്യതകളും ഇങ്ങനെ.

 

Who Can Make it in to IPL Play off and How
Author
Mumbai, First Published May 1, 2019, 5:49 PM IST

കൊല്‍ക്കത്ത: ഐപിഎല്ലില്‍ പ്ലേ ഓഫിലെത്താന്‍ അഞ്ച് ടീമുകള്‍ തമ്മില്‍ പൊരിഞ്ഞ പോരാട്ടം. രാജസ്ഥാനെതിരെ പോയന്റ് പങ്കിട്ടതിലൂടെ പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്തായ വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പ്ലേ ഓഫ് കാണാതെ പുറത്തായി. 16 പോയന്റ് വീതം നേടി ഒന്നും രണ്ടും സ്ഥാനത്തുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സും ഡല്‍ഹി ക്യാപിറ്റല്‍സും പ്ലേ ഓഫ് ബര്‍ത്തുറപ്പിച്ചു കഴിഞ്ഞു. പ്ലേ ഓഫിലെ ശേഷിക്കുന്ന രണ്ട് സ്ഥാനത്തിനായി അഞ്ച് ടീമുകളാണ് പോരാടിക്കുന്നത്. ഇന്ന് നടക്കുന്ന ചെന്നൈ-ഡല്‍ഹി മത്സര വിജയികളായിരിക്കും പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായി പ്ലേ ഓഫ് കളിക്കുക. മറ്റ് ടീമുകളും സാധ്യതകളും ഇങ്ങനെ.

മുംബൈ ഇന്ത്യന്‍സ്: ഡല്‍ഹിയും ചെന്നൈയും കഴിഞ്ഞാല്‍ 12 കളികളില്‍ 14 പോയന്റുള്ള മുംബൈ ഇന്ത്യന്‍സാണ് പ്ലേ ഓഫിലെത്താന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള മൂന്നാമത്തെ ടീം. ശേഷിക്കുന്ന രണ്ട് കളികളില്‍ ഒരെണ്ണമെങ്കിലും ജയിച്ചാല്‍ മുംബൈ പ്ലേ ഓഫ് ഉറപ്പിക്കും. ഇനി രണ്ടു കളികളും വലിയ മാര്‍ജിനില്‍ തോല്‍ക്കാതിരുന്നാലും മുംബൈക്ക് പ്ലേ ഓഫ് സാധ്യതയുണ്ട്. സണ്‍റൈസേഴ്സ് ഹൈദരാബാദിനും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനുമെതിരായ മത്സരങ്ങളാണ് മുംബൈക്ക് ഇനി ഇവശേഷിക്കുന്നത്.

സണ്‍റൈസേഴ്സ് ഹൈദരാബാദ്: തുടക്കം നന്നായെങ്കിലും ഇടക്ക് തിരിച്ചടി നേരിട്ട സണ്‍റൈസേഴ്സ് ഹൈദരാബാദാണ് മുംബൈ കഴിഞ്ഞാല്‍ പ്ലേ ഓഫ് സാധ്യതയുള്ള നാലാമത്തെ ടീം. 12 കളികളില്‍ 12 പോയന്റുള്ള ഹൈദരാബാദിന് രണ്ട് മത്സരങ്ങള്‍ ബാക്കിയുണ്ട്. ഇതില്‍ രണ്ടും ജയിച്ചാല്‍ പ്ലേ ഓഫ് ഉറപ്പിക്കാം. ഒരെണ്ണം ജയിച്ചാലും സാധ്യതകള്‍ നിലനില്‍ക്കുന്നു. മുംബൈ ഇന്ത്യന്‍സിനും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനുമെതിരെയാണ് സണ്‍റൈസേഴ്സിന്റെ ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍.

കൊല്‍ക്ക നൈറ്റ് റൈഡേഴ്സ്: തുടര്‍ച്ചയായി ആറ് കളികളില്‍ തോറ്റതിനുശേഷം കഴിഞ്ഞ മത്സരത്തില്‍ മുംബൈക്കെതിരെ ജയിച്ചുകയറിയ കൊല്‍ക്കത്തയ്ക്കും പ്ലേ ഓഫ് പ്രതീക്ഷവെക്കാം. പക്ഷെ അതിന് മറ്റ് ടീമുകള്‍കൂടി കനിയണമെന്ന് മാത്രം. 12 കളികളില്‍ 10 പോയന്റുള്ള കൊല്‍ക്കത്തയ്ക്ക് പ്ലേ ഓഫ് പ്രതീക്ഷ കാക്കാന്‍ ശേഷിക്കുന്ന രണ്ട് എവേ ഗെയിമുകളും ജയിക്കണം. മുംബൈക്കെതിരെയും കിംഗ്സ് ഇലവനുമെതിരെയുമാണ് കൊല്‍ക്കത്തയടെ എവേ മത്സരങ്ങള്‍. മുംബൈക്കെതിരെ ജയിച്ചാല്‍ കൊല്‍ക്കത്ത-പ‍ഞ്ചാബ്  മത്സരമാവും ഏറ്റവും നിര്‍ണായകമാവുക. മികച്ച നെറ്റ് റണ്‍റേറ്റും കൊല്‍ക്കത്തയ്ക്ക് അനൂകൂല ഘടകമാണ്.

കിംഗ്സ് ഇലവന്‍ പഞ്ചാബ്: കൊല്‍ക്കത്തയ്ക്കും സണ്‍റൈസേ്ഴിനുമൊപ്പം പ്ലേ ഓഫ് സാധ്യതയുള്ള ടീമാണ് കിംഗ്സ് ഇലവന്‍ പ‍ഞ്ചാബും. 12 കളികളില്‍ 10 പോയന്റുള്ള പഞ്ചാബിന് പക്ഷെ ശേഷിക്കുന്ന രണ്ട് കളികളും ജയിക്കണം.കൊല്‍ക്കത്തക്കും ചെന്നൈ സൂപ്പര്‍ കിംഗ്സിനുമെതിരെയുമാണ് കിംഗ്സിന്റെ മത്സരങ്ങള്‍.മോശം നെറ്റ് റണ്‍റേറ്റാണ് കിംഗ്സിന് തിരിച്ചടിയാവാനിടയുള്ള ഒരു ഘടകം.

രാജസ്ഥാന്‍ റോയല്‍സ്: മറ്റ് ടീമുകളെ അപേക്ഷിച്ച് പ്ലേ ഓഫിലെത്താന്‍ നേരിയ സാധ്യത മാത്രമാണ് രാജസ്ഥാന് മുന്നിലുള്ളത്. അവസാന കളിയില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ കീഴടക്കിയാല്‍ രാജസ്ഥാന് 13 പോയന്റാവും. എന്നാല്‍ പ‍ഞ്ചാബോ കൊല്‍ക്കത്തയോ, ഹൈദരാബാദോ ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ രണ്ടും ജയിച്ചാല്‍ രാജസ്ഥാന്റെ പ്ലേ ഓഫ് പ്രതീക്ഷ അസ്തമിക്കും.

Follow Us:
Download App:
  • android
  • ios