രാജസ്ഥാനെതിരായ മത്സരത്തില്‍ ബാറ്റ് ചെയ്യുമ്പോള്‍ ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട കാര്യം തന്റെ മനസിലുണ്ടായിരുന്നുവെന്ന് ഋഷഭ് പന്ത്

ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ വിജയശില്‍പിയായശേഷം ഋഷഭ് പന്തിനെ ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ച് വീണ്ടും ചര്‍ച്ചകള്‍ സജീവമാകുകയാണ്. നാലാം നമ്പറില്‍ ബാറ്റിംഗിനിറങ്ങി 36 പന്തില്‍ 78 റണ്‍സുമായി ഡല്‍ഹിയെ ജയത്തിലെത്തിച്ച പന്തിന്റെ പ്രകടം ഡല്‍ഹിയെ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിക്കുകയും ചെയ്തിരുന്നു.

രാജസ്ഥാനെതിരായ മത്സരത്തില്‍ ബാറ്റ് ചെയ്യുമ്പോള്‍ ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട കാര്യം തന്റെ മനസിലുണ്ടായിരുന്നുവെന്ന് ഋഷഭ് പന്ത് മത്സരശേഷം പറഞ്ഞു. നുണ പറയുന്നില്ല, അക്കാര്യം എന്റെ മനസിലുണ്ടായിരുന്നു. എങ്കിലും അപ്പോള്‍ ആ കളി ജയിപ്പിക്കുന്നതില്‍ മാത്രമായിരുന്നു എന്റെ ശ്രദ്ധ. നിര്‍ണായക മത്സരത്തില്‍ ടീമിനെ ജയിപ്പിക്കാനായതില്‍ സന്തോഷമുണ്ട്-പന്ത് വ്യക്തമാക്കി.

ഋഷഭ് പന്തിന് പകരം ഐപിഎല്ലില്‍ കൊല്‍ക്കത്ത നായകന്‍ കൂടിയായ ദിനേശ് കാര്‍ത്തിക്കിനെയാണ് സെലക്ടര്‍മാര്‍ ലോകകപ്പ് ടീമിലെടുത്തത്. ഐപിഎല്ലില്‍ തുടക്കത്തില്‍ മുംബൈ ഇന്ത്യന്‍ഡസിനെതിരെ 27 പന്തില്‍ 78 റണ്‍സെടുത്ത വെടിക്കെട്ട് ഇന്നിംഗ്സിനുശേഷം സ്ഥിരത നിലനിര്‍ത്താന്‍ പന്തിനായിരുന്നില്ല. 25, 11, 39, 5, 18, 46, 23, 7, 6, എന്നിങ്ങനെയായിരുന്നു പന്തിന്റെ തുടര്‍ന്നുള്ള മത്സരങ്ങളിലെ സ്കോര്‍.

ഇതോടെ പന്തിന്റെ സ്ഥിരതയില്ലായ്മയാണ് ലോകകപ്പ് ടീമില്‍ നിന്ന് തഴയാന്‍ കാരണമായതെന്ന വാദം ഉയരുകയും ചെയ്തു. ഇതിനിടെയാണ് രാജസ്ഥാനെതിരെ മറ്റൊരു വെടിക്കെട്ട് ഇന്നിംഗ്സുമായി പന്ത് ടീമിന്റെ വിജയശില്‍പിയായിരിക്കുന്നത്.