ചെന്നൈ: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ സൂപ്പര്‍ ഓവറില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് വീണപ്പോള്‍ നിര്‍ണായകമായത് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറുടെ പിഴവ്. മികച്ച ഫോമിലുള്ള ജോണി ബെയര്‍സ്റ്റോയെ ഓപ്പണറായി ഇറക്കാത്തതാണ് ഹൈദരാബാദിന്‍റെ തോല്‍വിക്ക് കാരണമെന്ന വിമര്‍ശനം നിലനില്‍ക്കുന്നതിനിടെയാണ് ആരും അധികം ശ്രദ്ധിക്കാതെ പോയ വാര്‍ണറുടെ പിഴവാണ് മത്സരത്തിന്‍റെ വിധിയെഴുതിയതെന്ന് വ്യക്തമാക്കുന്നത്.

ഡല്‍ഹിക്കായി അക്സര്‍ പട്ടേല്‍ എറിഞ്ഞ സൂപ്പര്‍ ഓവറിലെ അവസാന പന്തില്‍ ഹൈദരാബാദിനായി വില്യംസണും വാര്‍ണറും ചേര്‍ന്ന് ഡബിള്‍ ഓടിയിരുന്നു. ഇതോടെ ഡല്‍ഹിയുടെ വിജയലക്ഷ്യം ഒമ്പത് റണ്‍സെന്നുറപ്പിച്ച് ഇരുവരും ക്രീസ് വീട്ടു. എന്നാല്‍ ഡല്‍ഹിക്കായി റിഷഭ് പന്തും ശിഖര്‍ ധവാനും ക്രീസിലെത്തും മുമ്പെ മൂന്നാം അമ്പയറുടെ പരിശോധനയില്‍ വാര്‍ണര്‍ അവസാന പന്തിലോടിയ ഡബിളില്‍ ആദ്യ റണ്‍ പൂര്‍ത്തിയാക്കിയിരുന്നില്ലെന്ന് റീപ്ലേയിലൂടെ വ്യക്തമായി

ആദ്യ റണ്‍ പൂര്‍ത്തീകരിക്കുമ്പോള്‍ വാര്‍ണറുടെ ബാറ്റ് ക്രീസിനുള്ളില്‍ കയറിയിരുന്നില്ല. ക്രീസിന്‍റെ വരക്കു മുകളിലായിരുന്നു വാര്‍ണറുടെ ബാറ്റ്. ഇതോടെ ഹൈദരാബാദിന് നേടിയ റണ്ണില്‍ ഒരു റണ്‍ നഷ്ടമായി. റാഷിദ് ഖാന്‍ എറിഞ്ഞ സൂപ്പര്‍ ഓവറിലെ അവസാന പന്തില്‍ ലെഗ് ബൈയിലൂടെ വിജയലക്ഷ്യമായ എട്ടു റണ്‍സ് ഡല്‍ഹി സ്വന്തമാക്കുകയും ചെയ്തു.