Asianet News MalayalamAsianet News Malayalam

മാ'സായ്' സുദര്‍ശന്‍! ഐപിഎല്‍ കലാശപ്പോരില്‍ ഗുജറാത്തിനെതിരെ ധോണിപ്പടയ്ക്ക് കൂറ്റന്‍ വിജയലക്ഷ്യം

ഗില്ലിനെ പുറത്താക്കാനുള്ള സുവര്‍ണാവസരം നഷ്ടപ്പെടുന്നത് കണ്ടുകൊണ്ടാണ് ഫൈനല്‍ ഉണര്‍ന്നത്. തുഷാര്‍ ദേശ്പാണ്ഡെയെറിഞ്ഞ രണ്ടാം ഓവറില്‍ അനായാസ ക്യാച്ച് ബാക്ക്‌വേര്‍ഡ് സ്‌ക്വയറില്‍ ദീപക് ചാഹര്‍ വിട്ടുകളഞ്ഞു.

chennai super kings need huge total to win against gujarat titans in ipl final saa
Author
First Published May 29, 2023, 9:17 PM IST

അഹമ്മദാബാദ്: ഐപിഎല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ നിലവിലെ ചാംപ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിന് കൂറ്റന്‍ സ്‌കോര്‍. അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്ത് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ്  മാത്രം നഷ്ടത്തില്‍ 214 റണ്‍സ് അടിച്ചെടുത്തു. 47 പന്തില്‍ 96 റണ്‍സ് അടിച്ചെടുത്ത സായ് സുദര്‍ശനാണ് ഗുജറാത്തിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. വൃദ്ധിമാന്‍ സാഹ (39 പന്തില്‍ 54), ശുഭ്മാന്‍ ഗില്‍ (39) മികച്ച പ്രകടനം പുറത്തെടുത്തു. മതീഷ പതിരാന രണ്ട് വിക്കറ്റെടുത്തു. നേരത്തെ, ടോസ് നേടിയ ചെന്നൈ ക്യാപ്റ്റന്‍ എം എസ് ധോണി, ഗുജറാത്തിനെ ബാറ്റിംഗിനയക്കുകയായിരുന്നു. മാറ്റമില്ലാതെയാണ് ഇരു ടീമുകളും ഇറങ്ങിയത്. 

ഗില്ലിനെ പുറത്താക്കാനുള്ള സുവര്‍ണാവസരം നഷ്ടപ്പെടുന്നത് കണ്ടുകൊണ്ടാണ് ഫൈനല്‍ ഉണര്‍ന്നത്. തുഷാര്‍ ദേശ്പാണ്ഡെയെറിഞ്ഞ രണ്ടാം ഓവറില്‍ അനായാസ ക്യാച്ച് ബാക്ക്‌വേര്‍ഡ് സ്‌ക്വയറില്‍ ദീപക് ചാഹര്‍ വിട്ടുകളഞ്ഞു. നേരിട്ട് കയ്യിലേക്ക് വന്ന പന്തതാണ് ചാഹര്‍ നിലത്തിട്ടത്. ജീവന്‍ ലഭിച്ചതോടെ ഗില്‍ തകര്‍ത്തടിക്കാന്‍ തുടങ്ങി. സാഹയും അവസരത്തിനൊത്ത് ഉയര്‍ന്നു. ഗില്‍- സാഹ സഖ്യം 67 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഏഴാം ഓവറില്‍ ഗില്‍ മടങ്ങി. ജഡേജയുടെ പന്തില്‍ ധോണി സ്റ്റംപ് ചെയ്താണ് ഗില്‍ മടങ്ങുന്നത്. ഏഴ് ബൗണ്ടറികള്‍ ഗില്ലിന്റെ അക്കൗണ്ടിലുണ്ടായിരുന്നു.

മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന സാഹ- സായ് സഖ്യം മനോഹരമായി ടീമിനെ മുന്നോട്ട് നയിച്ചു. ഇരുവരും 64 റണ്‍സ് കൂട്ടിചേര്‍ത്തു. സാഹ ഒരു സിക്‌സു അഞ്ച് ഫോറും നേടി. ചാഹറിന്റെ പന്തില്‍ ധോണിക്ക് ക്യാച്ച് നല്‍കിയാണ് സാഹ മടങ്ങുന്നത്. എങ്കിലും സായ്- ഹാര്‍ദിക് സഖ്യം ഗുജറാത്തിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചു. ആറ് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സായിയുടെ ഇന്നിംഗ്‌സ്. ഹാര്‍ദിക്കിനൊപ്പം 91 റണ്‍സ് ചേര്‍ക്കാനും സായിക്കായി. ഹാര്‍ദിക് (12 പന്തില്‍ 21) പുറത്താവാതെ നിന്നു. റാഷിദ് ഖാനാണ് (0) പുറത്തായ മറ്റൊരു താരം. 

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: റിതുരാജ് ഗെയ്കവാദ്, ഡെവോണ്‍ കോണ്‍വെ, അജിന്‍ക്യ രഹാനെ, ശിവം ദുബെ, അമ്പാട്ടി റായുഡു, മൊയീന്‍ അലി, രവീന്ദ്ര ജഡേജ, എം എസ് ധോണി, ദീപക് ചാഹര്‍, തുഷാര്‍ ദേഷ്പാണ്ഡെ, മഹീഷ് തീക്ഷണ, മതീഷ പരിരാന.

ഗുജറാത്ത് ടൈറ്റന്‍സ്: ശുഭ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ, സായ് സുദര്‍ശന്‍, ഹാര്‍ദിക് പാണ്ഡ്യ, വിജയ് ശങ്കര്‍, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ്, മുഹമ്മദ് ഷമി, മോഹിത് ശര്‍മ, ജോഷ്വ ലിറ്റില്‍.

ഇതിനേക്കാള്‍ അനായാസമായിട്ട് ഇനി എങ്ങനെയാണ്? ശുഭ്മാന്‍ ഗില്ലിനെ തുടക്കത്തില്‍ വിട്ടുകളഞ്ഞ് ദീപക് ചാഹര്‍- വീഡിയോ

സീസണിലെ ആദ്യ മത്സരത്തില്‍ ചെന്നൈയെ അഞ്ച് വിക്കറ്റിന് തോല്‍പിച്ച് ജൈത്രയാത്ര തുടങ്ങിയ ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സ് പ്ലേ ഓഫിലെത്തിയത് പോയന്റ് പട്ടികയില്‍ ഒന്നാമന്‍മാരായാണ്. എന്നാല്‍ ചെപ്പോക്കില്‍ നടന്ന ആദ്യ ക്വാളിഫയറില്‍ ധോണിയും സംഘവും ഹാര്‍ദിക്കിന്റെ ഗുജറാത്തിനെ 15 റണ്‍സിന് വീഴ്ത്തി ഫൈനലുറപ്പിക്കുന്ന ആദ്യ ടീമായി. അഹമ്മദാബാദിലെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ കിരീടം നിലനിര്‍ത്താനാണ് ടൈറ്റന്‍സ് ഇറങ്ങുന്നതെങ്കില്‍ അഞ്ചാം കിരീടം നേടി മുംബൈക്കൊപ്പമെത്തുകയെന്നതാണ് ചെന്നൈയുടെ ലക്ഷ്യം.

Follow Us:
Download App:
  • android
  • ios