Asianet News MalayalamAsianet News Malayalam

ഈ സീസണിലെ ബെസ്റ്റ് ഫിനിഷര്‍, റിങ്കുവിനെ വാഴ്ത്താന്‍ വാക്കുകളില്ലാതെ ഇതിഹാസങ്ങള്‍; ചേര്‍ത്തുപിടിച്ച് ക്രുനാല്‍

ഈ സീസണിലെ ഏറ്റവും മികച്ച ഫിനിഷര്‍ ആരെന്ന ചോദ്യത്തിന് റിങ്കു സിംഗ് എന്ന ഒറ്റ ഉത്തരമെ ഉള്ളൂവെന്ന്  മുന്‍ ഇംഗ്ലണ്ട് നായകന്‍ കെവിന്‍ പീറ്റേഴ്സണ്‍ മത്സരശേഷം പറഞ്ഞു.

Cricket fraternity lauds Rinku Singh for his valiant 67, says best finisher of this seson gkc
Author
First Published May 21, 2023, 10:07 AM IST

കൊല്‍ക്കത്ത: തിലക് വര്‍മ, യശസ്വി ജയ്‌സ്വാള്‍, ജിതേഷ് ശര്‍മ ആങ്ങനെ ഐപിഎല്ലില്‍ ഈ സീസണില്‍ താരോദയങ്ങള്‍ നിരവധിയുണ്ടായിട്ടുണ്ടെങ്കിലും റിങ്കു സിംഗിനെപ്പോലൊരു ഫിനിഷര്‍ക്കൊപ്പം നില്‍ക്കുന്നൊരു കളിക്കാരനെ ചൂണ്ടിക്കാട്ടാനാവില്ല. സീസണില്‍ കൊല്‍ക്കത്ത 12 പോയന്‍റ് നേടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തുവെങ്കില്‍ അതിന് കടപ്പെട്ടിരിക്കുന്നത് റിങ്കുവെന്ന ഫിനിഷറോട് മാത്രമായിരിക്കും.

ആന്ദ്രെ റസലിനെയും സുനില്‍ നരെയ്നെയും പോലുള്ള  വമ്പന്‍ താരങ്ങള്‍ സീസണില്‍ വട്ടപ്പൂജ്യമായപ്പോള്‍ ഇന്നലെ ലഖ്നൗവിനെതിരെ കൊല്‍ക്കത്ത ഒരു റണ്ണിന് തോറ്റിട്ടും റിങ്കുവിന്‍റെ പ്രകടനത്തെ വാഴ്ത്തുകയാണ് ഇതിഹാസ താരങ്ങളടക്കം. കൊല്‍ക്കത്തയെ തോല്‍പ്പിച്ച് പ്ലേ ഓഫ് ഉറപ്പിച്ചതിന്‍റെ ആവേശത്തില്‍ പോലും ലഖ്നൗ നായകന്‍ ക്രുനാല്‍ പാണ്ഡ്യക്ക് റിങ്കുവിനെ ചേര്‍ത്തു പിടിക്കാതിരിക്കാനായില്ല. കാരണം, അത്രമാത്രം ഈ കുറിയ മനുഷ്യന്‍ എതിരാളികളുടെ പോലും മനം കവര്‍ന്നിരുന്നു.ഈ സീസണിലെ ഏറ്റവും മികച്ച ഫിനിഷര്‍ ആരെന്ന ചോദ്യത്തിന് റിങ്കു സിംഗ് എന്ന ഒറ്റ ഉത്തരമെ ഉള്ളൂവെന്ന്  മുന്‍ ഇംഗ്ലണ്ട് നായകന്‍ കെവിന്‍ പീറ്റേഴ്സണ്‍ മത്സരശേഷം പറഞ്ഞു. റിങ്കു ഓരോ പന്ത് നേരിടുമ്പോഴും ഞങ്ങളുടെ ചങ്കില്‍ തീയായിരുന്നു എന്നായിരുന്നു ലഖ്നൗ താരം രവി ബിഷ്ണോയി മത്സരശേഷം പറഞ്ഞത്. ഇത്തരമൊരു ബാറ്റിംഗ് താന്‍ കണ്ടിട്ടില്ലെന്നും അവിശ്വസനീയമായിരുന്നു റിങ്കുവിന്‍റെ പ്രകടനമെന്നും ലഖ്നൗവിനായി രണ്ട് വിക്കറ്റുമായി തിളങ്ങിയ ബിഷ്ണോയ് പറഞ്ഞു.

110 മീറ്റര്‍ സിക്സിന് പറത്തി റിങ്കു, ഈഡനിലും വിടാതെ കോലി ചാന്‍റ്; ഒടുവില്‍ പ്രതികരിച്ച് നവീന്‍ ഉള്‍ ഹഖ്-വീഡിയോ

റിങ്കുവിന്‍റെ പോരാട്ടവീര്യത്തെ സല്യൂട്ട് ചെയ്യുന്നുവെന്നും ഇത്തരമൊരു പ്രതിഭയെ ലോകം തിരിച്ചറിഞ്ഞിരിക്കുന്നുവെന്നും വീരേന്ദര്‍ സെവാഗ് പറഞ്ഞു. ഈ ഐപിഎല്ലില്‍ എല്ലാ ടീമിനെയും മുള്‍മുനയില്‍ നിര്‍ത്തിയ കളിക്കാരന്‍ എന്നായിരുന്നു ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് റിങ്കുവിനെ വിശേഷിപ്പിച്ചത്. ഒരു റണ്ണിന് തോറ്റെങ്കിലും റിങ്കു പുറത്തെടുത്ത പോരാട്ടവീര്യത്തെ ലഖ്നൗ ടീം മെന്‍ററായ ഗൗതം ഗംഭീറും വാഴ്ത്തി. ഈ സീസണിലെ ബെസ്റ്റ് ഫിനിഷറാണ് റിങ്കുവെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്രയും ട്വിറ്ററില്‍ കുറിച്ചു. സീസണില്‍ 14 മത്സരങ്ങളില്‍ 474 റണ്‍സടിച്ച റിങ്കു 59.25 ശരാശരിയും 149.52 എന്ന മികച്ച സ്ട്രൈക്ക് റേറ്റും നിലനിര്‍ത്തി.

Follow Us:
Download App:
  • android
  • ios