അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 155 റണ്‍സ് വിജയലക്ഷ്യം.  ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സ് നേടി. 47 റണ്‍സ് നേടിയ മഹിപാല്‍ ലോംറോറാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. യൂസ്‌വേന്ദ്ര ചാഹലിന്റെ മൂന്ന് വിക്കറ്റ് പ്രകടനമാണ് രാജസ്ഥാനെ തകര്‍ത്തത്. മലയാളി താരം സഞ്ജു സാംസണ്‍ (4) തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തി. 

മൂന്നാം ഓവറില്‍ തന്നെ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെ (5) രാജസ്ഥാന് നഷ്ടമായി. ഇസുരു ഉഡാനയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. ജോസ് ബ്ടലര്‍ (22) നന്നായി തുടങ്ങിയെങ്കിലും നവ്ദീപ് സൈനിയുടെ പന്തില്‍ സ്ലിപ്പില്‍ ദേവ്ദത്ത് പടിക്കലിന് ക്യാച്ച് നല്‍കി. സ്മിത്തിന് പിന്നാലെയെത്തിയ സഞ്ജു തൊട്ടടുത്ത ഓവറിലും മടങ്ങി. ആദ്യ പന്തില്‍ തന്നെ ഫോറടിച്ച് തുടങ്ങിയ സഞ്ജു ചാഹലിന് റിട്ടേണ്‍ ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. എന്നാല്‍ വീഡിയോ റിപ്ലേകളില്‍ ക്യാച്ച് നിലത്ത് കുത്തിയിട്ടുണ്ടെന്ന് വ്യക്തമായിരുന്നു. 

തുടര്‍ച്ചയായ മൂന്ന് ഓവറുകളില്‍ മൂന്ന് വിക്കറ്റുകളാണ് രാജസ്ഥാന് നഷ്ടമായത്. റോബിന്‍ ഉത്തപ്പ (17)യ്ക്കും അധികനേരം ക്രീസില്‍ നില്‍ക്കാനായില്ല. എന്നാല്‍ ലോംറോറിനൊപ്പം വിലപ്പെട്ട 39 റണ്‍സ് താരം കൂട്ടിച്ചേര്‍ത്തു. ഉത്തപ്പയേയും  ചാഹല്‍ മടക്കിയതോടെ രാജസ്ഥാന്‍ പ്രതിസന്ധിയിലായി. റിയാന്‍ പരഗ് (16) തുടര്‍ച്ചയായ നാലാം മത്സരത്തിലും നിരാശപ്പെടുത്തി. വാലറ്റത്ത് രാഹുല്‍ തിവാട്ടിയ (12 പന്തില്‍ 24), ജോഫ്ര ആര്‍ച്ചര്‍ (10 പന്തില്‍ 16) എന്നിവര്‍ നല്‍കിയ സംഭാവയാണ് സ്‌കോര്‍ 150 കടത്തിയത്.

ചാഹലിന് പുറമെ ഉഡാന രണ്ടും നവ്ദീപ് സൈനി ഒരു വിക്കറ്റും വീഴ്ത്തി. ഇന്ന് ജയിക്കുന്ന ടീമിന് താല്‍ക്കാലത്തേക്കെങ്കിലും ഒന്നാം സ്ഥാനത്തേക്ക് കയറാം.