തമിഴ്‌നാട് സ്വദേശിനികളായ രണ്ട് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്ന് മോഷ്ടിച്ച മൂന്നോളം സ്വർണ്ണമാലകളും പണവും പോലീസ് കണ്ടെടുത്തു. അറസ്റ്റിലായത് കാവ്യ, പൂജ എന്നിവർ 

കുന്നംകുളം: മോഷ്ടിച്ച സ്വർണ്ണമാലകളും പണവും ഉൾപ്പെടെയുള്ള വസ്തുക്കളുമായി തമിഴ്‌നാട് സ്വദേശിനികളായ രണ്ട് സ്ത്രീകൾ കുന്നംകുളം പൊലീസിൻ്റെ പിടിയിലായി. തമിഴ്‌നാട് മധുരൈ ചിന്താമണി തെരുവ് സ്വദേശികളായ കാവ്യ (39), പൂജ (29) എന്നിവരെയാണ് കുന്നംകുളം സബ് ഇൻസ്പെക്ടർ വൈശാഖിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇന്ന് വൈകിട്ട് നാലരയോടെ കുന്നംകുളം നഗരത്തിലെ മലായ ഗോൾഡിന് മുൻപിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇവരെ പോലീസ് ചോദ്യം ചെയ്യുകയായിരുന്നു.

ഇരുവരുടെയും മൊഴികൾ സംശയാസ്പദമായതിനെ തുടർന്ന് വനിതാ പോലീസെത്തി നടത്തിയ പരിശോധനയിൽ, കൈവശമുള്ള ബാഗിൽ നിന്ന് ചെറിയ പേഴ്സുകൾ കണ്ടെത്തുകയും അതിൽ മൂന്നോളം സ്വർണ്ണമാലകളും പണവും മറ്റ് രേഖകളും കണ്ടെത്തുകയും ചെയ്തു. പേഴ്സിൽ നിന്ന് കുറുമാൽ സ്വദേശിനിയായ മഞ്ജുളയുടെ രേഖകൾ ലഭിച്ചതിനെ തുടർന്ന് ഇവരുമായി ബന്ധപ്പെട്ടപ്പോഴാണ് പേഴ്സ് മോഷണം പോയതാണെന്ന് പോലീസിന് വിവരം ലഭിച്ചത്. തുടർന്ന് പോലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റിലായ ഇരുവരും നിരവധി മോഷണ കേസുകളിൽ പ്രതികളാണെന്ന് പോലീസ് വ്യക്തമാക്കി. വൈദ്യപരിശോധനക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.