പതിനാലാം സീസണിന്‍റെ ഇന്ത്യന്‍ പാദത്തില്‍ ചുമലിന് പരിക്കേറ്റ് ശ്രേയസ് അയ്യര്‍ പുറത്തായതോടെയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് റിഷഭ് പന്തിനെ ക്യാപ്റ്റനാക്കിയത്

ദുബായ്: ഐപിഎല്ലില്‍(IPL) കഴിഞ്ഞ രണ്ട് സീസണുകളിലും മികച്ച പ്രകടനമാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ(Delhi Capitals) യുവനിര പുറത്തെടുത്തത്. എന്നാല്‍ ഇരു തവണയും ടീം കിരീടത്തിലെത്തിയില്ല. ഇത്തവണ റിഷഭ് പന്തിന്‍റെ(Rishabh Pant) ക്യാപ്റ്റന്‍സി ക്വാളിഫയറില്‍ പരാജയപ്പെട്ടു. ഇതോടെ ഡല്‍ഹിക്ക് ഐപിഎല്‍ 2022(IPL 2022) സീസണില്‍ പുതിയ നായകനെ നിര്‍ദേശിക്കുകയാണ് മുന്‍താരം ഗൗതം ഗംഭീര്‍(Gautam Gambhir). എന്നാല്‍ മുന്‍ നായകന്‍ ശ്രേയസ് അയ്യരുടെ(Shreyas Iyer) പേരല്ല ഗംഭീര്‍ പറയുന്നത്. 

പതിനാലാം സീസണിന്‍റെ ഇന്ത്യന്‍ പാദത്തില്‍ ചുമലിന് പരിക്കേറ്റ് ശ്രേയസ് അയ്യര്‍ പുറത്തായതോടെയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് റിഷഭ് പന്തിനെ ക്യാപ്റ്റനാക്കിയത്. ശ്രേയസ് പരിക്ക് മാറി യുഎഇ പാദത്തില്‍ തിരിച്ചെത്തിയെങ്കിലും റിഷഭിനെ നായകനായി ടീം നിലനിര്‍ത്തുകയായിരുന്നു. 

ഐപിഎല്‍ 2021: സച്ചിനും കോലിക്കും ശേഷം ഹര്‍ഷല്‍; അപൂര്‍വ റെക്കോഡ്

'ലോകത്തെ ഏറ്റവും മികച്ച സ്‌പിന്നറായ അശ്വിന്‍റെ കടുത്ത ആരാധകരില്‍ ഒരാളാണ് ഞാന്‍. ഡല്‍ഹിയുടെ ലൈനപ്പ് നോക്കിയാല്‍ ഇതൊരു വിചിത്രമായ തീരുമാനമാണ് എന്ന് തോന്നാം. എനിക്ക് മാത്രമേ ചിലപ്പോള്‍ ഇങ്ങനെ ചിന്തിക്കാനാകൂ. ഞാന്‍ ഡല്‍ഹി ക്യാപിറ്റല്‍സിലുണ്ടായിരുന്നെങ്കില്‍ അശ്വിനെ നായകനാക്കുമായിരുന്നു' എന്നും ഗംഭീര്‍ ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോയോട് പറഞ്ഞു. 

സീസണില്‍ റിഷഭ് പന്ത് ഡല്‍ഹിയെ മികച്ച നിലയില്‍ നയിച്ചു എന്ന് പലരും വിലയിരുത്തമ്പോഴാണ് ഗംഭീറിന്‍റെ ഈ നിര്‍ദേശം. വരും സീസണിന് മുമ്പ് മെഗാതാരലേലം നടക്കുമെന്നതിനാല്‍ ഡല്‍ഹി ആരെയൊക്കെ നിലനിര്‍ത്തും എന്ന് ഇപ്പോള്‍ വ്യക്തമല്ല. താരങ്ങളെ നിലനിര്‍ത്താനുള്ള പോളിസി ബിസിസിഐ ഇതുവരെ പുറത്തിറക്കിയിട്ടില്ല. 

ഫൈനലിലെത്താതെ ഡല്‍ഹി 

ഇക്കുറി റിഷഭ് പന്തിന്‍റെ ക്യാപ്റ്റന്‍സിയില്‍ ഫൈനലിലെത്താന്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായില്ല. രണ്ടാം ക്വാളിഫയറില്‍ ഡൽഹിയെ മൂന്ന് വിക്കറ്റിന് തോൽപ്പിച്ച് കൊല്‍ക്കത്ത ഫൈനലിലേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്നു. 136 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊൽക്കത്ത ഒരു പന്ത് ബാക്കിനിൽക്കെ ജയത്തിലെത്തി. എന്നാല്‍ ഐപിഎല്‍ 2020ല്‍ ശ്രേയസിന്‍റെ ക്യാപ്റ്റന്‍സിയില്‍ ഡല്‍ഹി ഫൈനലിലെത്തിയിരുന്നു. 

ഐപിഎൽ പതിനാലാം സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സാണ് ചാമ്പ്യന്‍മാര്‍. മോര്‍ഗന്‍റെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌‌സിനെ 27 റൺസിന് തോൽപിച്ചാണ് ചെന്നൈ നാലാം കിരീടം സ്വന്തമാക്കിയത്. ചെന്നൈയുടെ 192 റൺസ് പിന്തുടർന്ന കൊൽക്കത്തയ്‌ക്ക് 165 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 59 പന്തിൽ 86 റൺസെടുത്ത സിഎസ്‌കെ ഓപ്പണര്‍ ഫാഫ് ഡുപ്ലസിസാണ് കലാശപ്പോരിലെ താരം. 

'എല്ലാ ടീമുകളും ഒന്നു കരുതിയിരുന്നോ!'; ദ്രാവിഡ് പരിശീലകനാകുന്നതിനെ കുറിച്ച് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍