മുംബൈ: ഓസ്‌ട്രേലിയന്‍ പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ രോഹിത് ശര്‍മ്മ, ഇശാന്ത് ശര്‍മ്മ എന്നിവരുടെ അഭാവം മാത്രമല്ല ആരാധകരെ ഞെട്ടിച്ചത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി നിരവധി മത്സരങ്ങളില്‍ വിജയ ഇന്നിംഗ്‌സ് കളിച്ച സൂര്യകുമാര്‍ യാദവിന് ഒരു ഫോര്‍മാറ്റിലും ഇടമുണ്ടായിരുന്നില്ല. ടി20 ടീമില്‍ സൂര്യകുമാര്‍ സ്ഥാനംപിടിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു.

സൂര്യകുമാറിനെ സെലക്‌ടര്‍മാര്‍ തഴഞ്ഞത് വിവാദമാവുകയാണ്. താരത്തെ ഒഴിവാക്കിയത് ചോദ്യം ചെയ്ത് ഹര്‍ഭജന്‍ സിംഗ് രംഗത്തെത്തി. 'ഇന്ത്യന്‍ ടീമിലെത്താന്‍ സൂര്യകുമാര്‍ ഇനിയുമേറെ എന്ത് ചെയ്യണം എന്ന് തനിക്കറിയില്ല. എല്ലാ ഐപിഎല്‍- രഞ്ജി സീസണുകളിലും തിളങ്ങുന്ന താരമാണയാള്‍. ഓരോരുത്തര്‍ക്കും വ്യത്യസ്ത നിയമങ്ങളാണ്. സൂര്യകുമാറിന്‍റെ ബാറ്റിംഗ് റെക്കോര്‍ഡുകള്‍ സെലക്ടര്‍മാര്‍ പരിശോധിക്കണമെന്ന് താന്‍ അപേക്ഷിക്കുകയാണ്' എന്നും ഹര്‍ഭജന്‍ സിംഗ് ട്വീറ്റ് ചെയ്തു. 

ഐപിഎല്‍ പതിമൂന്നാം സീസണില്‍ മുംബൈ ഇന്ത്യന്‍സിനായി മികച്ച പ്രകടനമാണ് സൂര്യകുമാര്‍ യാദവ് തുടരുന്നത്. സീസണില്‍ 11 മത്സരങ്ങള്‍ കളിച്ച താരം 31.44 ശരാശരിയിലും 148.94 സ്‌ട്രൈക്ക്‌റേറ്റിലും 283 റണ്‍സ് നേടി. രണ്ട് അര്‍ധ സെഞ്ചുറികള്‍ പിറന്നപ്പോള്‍ 79 ആണ് ഉയര്‍ന്ന സ്‌കോര്‍. 

സഞ്ജു വീണ്ടും ടീമില്‍

മലയാളിതാരം സഞ്ജു സാംസണെ ഉൾപ്പെടുത്തിയാണ് ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചത്. പരുക്കേറ്റ രോഹിത് ശർമ്മയും ഇശാന്ത് ശർമ്മയും ടീമിലില്ല. മൂന്ന് ഫോർമാറ്റിലും വിരാട് കോലിയാണ് ക്യാപ്റ്റൻ. ഐപിഎല്ലിലെ വെടിക്കെട്ട് ബാറ്റിംഗ് കരുത്തിൽ ട്വന്റി 20 പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ടീമിലാണ് സഞ്ജു സാംസൺ ഇടംപിടിച്ചത്. കെ എൽ രാഹുലിനൊപ്പം വിക്കറ്റ് കീപ്പറായി സഞ്ജു ടീമിലെത്തിയപ്പോൾ റിഷഭ് പന്തിനെ ട്വന്റി 20, ഏകദിന ടീമുകളിൽ നിന്ന് ഒഴിവാക്കി. 

ഐപിഎല്ലിലെ മികവിലൂടെ സ്‌പിന്നർ വരുൺ ചക്രവർത്തിയും ട്വന്റി 20 ടീമിൽ ഇടംപിടിച്ചു. ശിഖർ ധവാൻ, മനീഷ് പാണ്ഡെ, ഹർദിക് പാണ്ഡ്യ, ശ്രേയസ് അയ്യർ എന്നിവർ ട്വന്റി, 20 ഏകദിന ടീമുകളിലുണ്ട്. ശുഭ്മാൻ ഗില്ലിനെ ഏകദിന ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തി. ഉഗ്രൻ ഫോമിലുള്ള രാഹുലാണ് ട്വന്റി20, ഏകദിന ടീമുകളിൽ വൈസ് ക്യാപ്റ്റൻ. അജിക്യ രഹാനെ, പൃഥ്വി ഷോ, ചേതേശ്വർ പൂജാര, ഹനുമ വിഹാരി, റിഷഭ് പന്ത്, വൃദ്ധിമാൻ സാഹ, ഉമേഷ് യാദവ്, ആർ അശ്വിൻ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ് എന്നിവരാണ് ടെസ്റ്റ് സ്പെഷ്യലിസ്റ്റുകൾ. 

ഓസ്‌ട്രേലിയയിലേക്ക് അധിക ബൗളര്‍മാര്‍

ക്യാപ്റ്റൻ വിരാട് കോലിക്കൊപ്പം, മായങ്ക് അഗ‍ർവാൾ, കെ എൽ രാഹുൽ, മുഹമ്മദ് ഷമി, നവദീപ് സെയ്നി, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, എന്നിവർ ടെസ്റ്റ്, ഏകദിന, ട്വന്റി 20 ടീമുകളിൽ ഇടംപിടിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ കമലേഷ് നാഗർകോട്ടി, കാർത്തിക് ത്യാഗി, ഇഷാൻ പോറൽ, ടി നടരാജൻ എന്നിവര്‍ അധിക ബൗള‍ർമാരായി ടീമിനൊപ്പമുണ്ടാവും. ഓസീസ് പര്യടനത്തിൽ നാല് ടെസ്റ്റിലും മൂന്ന് വീതം ട്വന്റി 20യിലും ഏകദിനത്തിലുമാണ് ഇന്ത്യ കളിക്കുക. ഐപിഎല്ലിന് ശേഷം താരങ്ങൾ ദുബായിൽ നിന്ന് നേരിട്ട് സിഡ്നിയിലേക്ക് പുറപ്പെടും.