ദുബായ്: ഐപിഎല്ലില്‍ ഇന്നലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍ വമ്പന്‍ തോല്‍വി വഴങ്ങാന്‍ കാരണം ഡല്‍ഹി നായകന്‍ ശ്രേയസ് അയ്യരുടെ പിഴച്ച തീരുമാനങ്ങളാണെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. ആദ്യ എട്ടോവറില്‍ കൊല്‍ക്കത്തയെ 42/3ലേക്ക് തള്ളിയിടാനായെങ്കിലും പിന്നീടുള്ള 12 ഓവറില്‍ സുനിന്‍ നരെയ്നും നിതീഷ് റാണയും ഓയിന്‍ മോര്‍ഗനും ചേര്‍ന്ന് 150 റണ്‍സ് അടിച്ചുകൂട്ടി കൊല്‍ക്കത്തയെ 194ല്‍ എത്തിച്ചു.

മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താന്‍ കഴിയാതിരുന്ന ഡല്‍ഹി ബൗളര്‍മാരാണ് തോല്‍വിയില്‍ നിര്‍ണായകമായതെന്ന് ചോപ്ര പറഞ്ഞു. ഒപ്പം ഡല്‍ഹി ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ പിഴച്ച തീരുമാനങ്ങളും. നരെയ്നും റാണയും ക്രീസില്‍ അടിച്ചു തകര്‍ക്കുമ്പോള്‍ തുഷാര്‍ പാണ്ഡെയെക്കൊണ്ടുതന്നെ ബൗള്‍ ചെയ്യിച്ച അയ്യരുടെ തീരുമാനത്തെ ചോപ്ര ചോദ്യം ചെയ്തു.

നാലോവറില്‍ 40ലേറെ റണ്‍സാണ് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തുഷാര്‍ പാണ്ഡെ വഴങ്ങിയത്. ഇടം കൈയന്‍ സ്പിന്നറായ അക്സര്‍ പട്ടേലിനെക്കൊണ്ട് ഒരോവര്‍ മാത്രമാണ് അയ്യര്‍ എറിയിച്ചത്.  ഇടം കൈയന്‍ ബാറ്റ്സ്മാന്‍മാരായിരുന്നു ആ സമയം ക്രീസിലെന്ന ന്യായം പറയരുത്. ഇടം കൈയന്‍ ബാറ്റ്സ്മാന്‍മാര്‍ക്കെതിരെ ഇടം കൈയന്‍ സ്പിന്നര്‍മാര്‍ പന്തെറിഞ്ഞു കൂടാ എന്നില്ലല്ലോ.

മാത്രമല്ല ഇടം കൈയന്‍ ബാറ്റ്സ്മാന്‍മാര്‍ക്കെതിരെ അക്സറിന്‍റെ ഇക്കോണമി 6.5 മാത്രമാണ്. എന്നിട്ടും അക്സറിന് ഒരോവര്‍ മാത്രമാണ് നല്‍കിയത്. ഏഴ് റണ്‍സെ അക്സര്‍ വിട്ടുകൊടുത്തുളളു. കൊല്‍ക്കത്തക്കെതിരെ മാത്രമല്ല അതിന് തൊട്ടു മുന്‍മത്സരത്തിലും അയ്യര്‍ ഇതേ അബദ്ധം ആവര്‍ത്തിച്ചിരുന്നു. ഈ സീസണില്‍ മികച്ച രീതിയില്‍ ടീമിനെ നയിച്ച അയ്യരില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല-ചോപ്ര പറഞ്ഞു.

റിഷഭ് പന്തിന്‍റെ ബാറ്റിംഗ് ഫോമിനെയും ചോപ്ര വിമര്‍ശിച്ചു. അയ്യര്‍ സ്കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ പന്തിന്‍റെ ഭാഗത്തുനിന്ന് അത്തരമൊരു ശ്രമമേ ഉണ്ടായില്ല. തന്‍റെ മികച്ച ഫോമിന്‍റെ അടുത്തൊന്നുമല്ല പന്ത് ഇപ്പോള്‍. നമുക്കറിയാവുന്ന റിഷഭ് പന്ത് ഇങ്ങനെയല്ല. അദ്ദേഹത്തിന്‍റെ ശരാശരി കുഴപ്പമില്ലായിരിക്കാം. പക്ഷെ അടിച്ചുതകര്‍ക്കാനുള്ള കഴിവ് കൈമോശം വന്നുവെങ്കില്‍ പിന്നെ ശരാശരികൊണ്ട് കാര്യമില്ലെന്നും ചോപ്ര പറഞ്ഞു.