ഐപിഎല്ലിലെ മികച്ച യുവതാരമായി തെരഞ്ഞെടുക്കപ്പെട്ട പടിക്കല്‍ 15 മത്സരങ്ങളില്‍ നിന്ന് അഞ്ച് അര്‍ധസെഞ്ചുറികള്‍ ഉള്‍പ്പെടെ 473 റണ്‍സാണ് അടിച്ചെടുത്തത്.

ദുബായ്: ഐപിഎല്‍ പൂരത്തിന് ദുബായില്‍ കൊടിയിറങ്ങിയപ്പോള്‍ പ്രകടനം കൊണ്ട് അത്ഭുതപ്പെടുത്തിയവരും നിരാശപ്പെടുത്തിയവരമായി ഒട്ടേറെ പേരുണ്ട്. എന്നാല്‍ 55 ദിവസം നീണ്ട ഐപിഎല്ലില്‍ 60 മത്സരങ്ങളില്‍ നിന്നായി രണ്ട് ഇന്ത്യന്‍ താരങ്ങളുടെ അത്ഭുത പ്രകടനത്തെക്കുറിച്ച് മനസുതുറക്കുകയാണ് ഓസ്ട്രേലിയന്‍ മുന്‍ പേസറും കമന്‍റേറ്ററുമായ ബ്രെറ്റ് ലീ.

ഈ സീസണിലെ രണ്ട് അസാമാന്യ പ്രതിഭകള്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ ദേവ്ദത്ത് പടിക്കലും രാജസ്ഥാന്‍ റോയല്‍സിന്‍റെ രാഹുല്‍ തിവാട്ടിയയുമാണെന്ന് ലീ പറഞ്ഞു.ഐപിഎല്ലിലെ മികച്ച യുവതാരമായി തെരഞ്ഞെടുക്കപ്പെട്ട പടിക്കല്‍ 15 മത്സരങ്ങളില്‍ നിന്ന് അഞ്ച് അര്‍ധസെഞ്ചുറികള്‍ ഉള്‍പ്പെടെ 473 റണ്‍സാണ് അടിച്ചെടുത്തത്. വിരാട് കോലിയും എ ബി ഡിവില്ലിയേഴ്സും അടങ്ങുന്ന ബാംഗ്ലൂരിന്‍റെ ഉയര്‍ന്ന റണ്‍വേട്ടക്കാരനും പടിക്കലായിരുന്നു.

രാജസ്ഥാനായി മികച്ച ഓള്‍റൗണ്ട് പ്രകടനം പുറത്തെടുത്ത തിവാട്ടിയ 255 റണ്‍സും 10 വിക്കറ്റും സ്വന്തമാക്കി. കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ ഷെല്‍ഡണ്‍ കോട്രലിനെ ഒരോവറില്‍ അഞ്ച് സിക്സ് പറത്തിയ തിവാട്ടിയയുടെ പ്രകടനം ആരാധകരുടെ മനസില്‍ ഇപ്പോഴും തിളങ്ങി നില്‍ക്കുന്നു.