അബുദാബി: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ പോരാട്ടത്തില്‍ മുംബൈ നായകന്‍ കീറോണ്‍ പൊള്ളാര്‍ഡ് തന്‍റെ സ്ട്രൈക്ക് ബൗളറായ  ജസ്പ്രീത് ബൂമ്രയെ കരുതിവെച്ചത് രണ്ടുപേര്‍ക്ക് വേണ്ടിയായിരുന്നു. ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലിക്കും ഡിവില്ലിയേഴ്സിനും വേണ്ടി. അതുകൊണ്ടുതന്നെ പവര്‍ പ്ലേയില്‍ ജോഷെ ഫിലിപ്പും ദേവ്‌ദത്ത് പടിക്കലും അടിച്ചു തകര്‍ത്തിട്ടും ബുമ്രയെക്കൊണ്ട് ഒരോവര്‍ മാത്രമാണ് പൊള്ളാര്‍ഡ് എറിയിച്ചത്.

സ്പിന്നര്‍മാര്‍ക്കെതിരെ റണ്‍സടിക്കാന്‍ പാടുപെട്ട കോലി സമ്മര്‍ദ്ദത്തില്‍ നില്‍ക്കെ പൊള്ളാര്‍ഡ് തന്‍റെ വജ്രായുധം പുറത്തെടുത്തു. പന്ത്രണ്ടാം ഓവറില്‍ ബുമ്രയെ ബൗളിംഗിന് വിളിച്ച പൊള്ളാര്‍ഡിന് പിഴച്ചില്ല.ബുമ്രയുടെ ആദ്യ പന്തില്‍ രണ്ട് റണ്‍സ് ഓടിയെടുത്ത കോലി  143 കിലോ മീറ്റര്‍ വേഗത്തില്‍ എത്തിയ ഷോട്ട് പിച്ച് പന്തില്‍ ബൗണ്ടറിക്ക് ശ്രമിച്ച് സൗരഭ് തിവാരിക്ക് ക്യാച്ച് നല്‍കി മടങ്ങി. 14 പന്തില്‍ ഒമ്പത് റണ്‍സായിരുന്നു ബാംഗ്ലൂര്‍ നായകന്‍റെ നേട്ടം.

കോലിയുടെ വിക്കറ്റെടുത്തതോടെ ഐപിഎല്ലില്‍ 100 വിക്കറ്റെന്ന നാഴികക്കല്ലും ടി20 ക്രിക്കറ്റില്‍ 200 വിക്കറ്റെന്ന നേട്ടവും ബുമ്ര സ്വന്തമാക്കി. 89 മത്സരങ്ങളില്‍ നിന്നാണ് ബുമ്ര 100 വിക്കറ്റ് നേട്ടത്തിലെത്തിയത്. ഐപിഎല്ലില്‍ 100 വിക്കറ്റെടുക്കുന്ന പതിനാറാമത്തെ ബൗളറും പതിമൂന്നാമത്തെ ഇന്ത്യന്‍ താരവുമാണ് ബുമ്ര. ഐപിഎല്ലില്‍ 100 വിക്കറ്റ് തികയ്ക്കുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ ബൗളര്‍ കൂടിയാണ് 26കാരനായ ബുമ്ര. 26 വയസും 117 ദിവസവും പ്രായമുള്ളപ്പോള്‍ ഈ നേട്ടത്തിലെത്തിയ പിയൂഷ് ചൗളയാണ് ഐപിഎല്ലില്‍ 100 വിക്കറ്റ് തികച്ച ഏറ്റവും പ്രായം കുറഞ്ഞ ബൗളര്‍.

ഐപിഎല്ലില്‍ ബുമ്രയുടെ ആദ്യ വിക്കറ്റും വിരാട് കോലിയായിരുന്നുവെന്നത് മറ്റൊരു യാദൃശ്ചികതയായി. 12 ഇന്നിംഗ്സില്‍ മൂന്നാം തവണയാണ് കോലിയെ ബുമ്ര വീഴ്ത്തുന്നത്. 2013ല്‍ മുംബൈ ടീമിലെത്തി ബുമ്ര രണ്ട് മത്സരങ്ങളില്‍ മാത്രമാണ് കളിച്ചത്. മൂന്ന് വിക്കറ്റായിരുന്നു ആ സീസണിലെ സമ്പാദ്യം. 2014ല്‍ 11 മത്സരങ്ങളില്‍ മുംബൈക്കായി ഇറങ്ങിയ ബുമ്ര അഞ്ച് വിക്കറ്റാണ് വീഴ്ത്തിയത്.

2015ല്‍ നാലു മത്സരങ്ങളില്‍ മാത്രമാണ് മുംബൈക്കായി ബുമ്ര പന്തെറിഞ്ഞത്. മൂന്ന് വിക്കറ്റ് മാത്രമാണ് ആ സീസണില്‍ ബുമ്ര വീഴ്ത്തിയത്.2016ലാണ് ബുമ്ര എതിരാളികള്‍ പേടിക്കുന്ന ബൗളറായി മാറിയത്. ആ സീസണില്‍ 14 കളികളില്‍ 15 വിക്കറ്റെടുത്തു.

2017ല്‍ 16 മത്സരങ്ങളില്‍ 20 വിക്കറ്റുമായി തിളങ്ങി. ബുമ്രയുടെ ഏറ്റവും മികച്ച സീസണായിരുന്നു 2017.2018ല്‍ 14 കളികളിുല്‍ 17 വിക്കറ്റാണ് ബുമ്ര എറിഞ്ഞിട്ടത്.2019ല്‍ മുംബൈ ചാമ്പ്യന്‍മാരായ സീസണില്‍ 16 കളികളില്‍ 19 വിക്കറ്റും ബുമ്ര സ്വന്തമാക്കി.ഈ സീസണില്‍ ഇതുവരെ 12 കളികളില്‍ 20 വിക്കറ്റാണ് ഇതുവരെ ബുമ്ര വീഴ്ത്തിയത്.