ദുബായ്: ഐപിഎല്ലില്‍ ഷെയ്ന്‍ വാട്സണും അംബാട്ടി റായുഡുവും ഫോമിലായപ്പോള്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് മികച്ച സ്കോര്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ റായുഡുവിന്‍റെയും വാട്സന്‍റെയും ബാറ്റിംഗ് മികവില്‍ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുത്തു.

തകര്‍ച്ചയോടെ തുടങ്ങി

ടോസിലെ ഭാഗ്യം ചെന്നൈയെ തുടക്കത്തില്‍ തുണച്ചില്ല. വാട്സണ് പകരം സാം കറനാണ് ഡൂപ്ലെസിക്കൊപ്പം ചെന്നൈക്കായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്.  മൂന്നാം ഓവറില്‍ നേരിട്ട ആദ്യ പന്തില്‍ ഡൂപ്ലെസിയെ(0) വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്റ്റോയുടെ കൈകകളിലെത്തിച്ച് സന്ദീപ് ശര്‍മ ചൈന്നൈക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചു. തകര്‍ത്തടിച്ച കറന്‍ 21 പന്തില്‍ 31 റണ്‍സെടുത്തെങ്കിലും സന്ദീപ് ശര്‍മയുടെ പന്തില്‍ ബൗള്‍ഡായി. 35 റണ്‍സെ അപ്പോള്‍ ചെന്നൈ സ്കോര്‍ ബോര്‍ഡിലുണ്ടായിരുന്നുള്ളു.

രക്ഷകരായി റായുഡുവും വാട്സണും

മൂന്നാം വിക്കറ്റില്‍ 81 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി വാട്സണും റായുഡുവും ചേര്‍ന്ന് ചെന്നൈയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി. അമിതാവേശം കാട്ടാതെ കരുതലോടെ കളിച്ച ഇരുവരുെ പതിനഞ്ചാം ഓവറിനുശേഷമാണ് ആക്രമണത്തിന് തുനിഞ്ഞത്. ഖലീല്‍ അഹമ്മദിനെ ബൗണ്ടറി കടത്താനുള്ള ശ്രമത്തില്‍ റായുഡു(34 പന്തില്‍ 41) വീണു. റായുഡുവിന്‍റെ സമാനമായ ഷോട്ട് കളിച്ച് പതിനേഴാം ഓവറില്‍ മനീഷ് പാണ്ഡെക്ക് ക്യാച്ച് നല്‍കി വാട്സണും(42) വീണു.

ഫിനിഷ് ചെയ്യാതെ ധോണി

അവസാന ഓവറുകളില്‍ ആഞ്ഞടിക്കുമെന്ന് കരുതിയ ധോണിക്ക് ഒരു സിക്സും രണ്ട് ബൗണ്ടറിയുമടക്കം 13 പന്തില്‍ 21 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ധോണിക്ക് പിന്നാലെ ബ്രാവോയും വന്നപോലെ മടങ്ങി(0). ഖലീല്‍ അഹമ്മദിനായിരുന്നു വിക്കറ്റ്. അവസാ ഓവറില്‍ രവീന്ദ്ര ജഡേജയുടെ വെടിക്കെട്ട് ചെന്നൈയെ 167ല്‍ എത്തിച്ചു. 10 പന്തില്‍ 25 റണ്‍സെടുത്ത ജഡേജയും രണ്ട് റണ്ണുമായി ദീപക് ചാഹറും പുറത്താകാതെ നിന്നു. ഹൈദരാബാദിനായി സന്ദീപ് ശര്‍മയും നടരാജനും  ഖലീല്‍ അഹമ്മദും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.