അബുദാബി: കിംഗ്‌സ് ഇലവന്‍ പഞ്ചാബ് താരം ക്രിസ് ഗെയ്‌ലിന് പ്രായം 41 ആയെങ്കിലും ഐപിഎല്‍ പ്രകടനത്തിനെ തെല്ലും ബാധിച്ചിട്ടില്ല. കഴിഞ്ഞ രാജസ്ഥാന്‍ റോയല്‍സിനെതിരെ 99 റണ്‍സ് നേടി പുറത്തായിരുന്നു. ജോഫ്ര ആര്‍ച്ചറിന്റെ പന്തില്‍ താരത്തിന്റെ വിക്കറ്റ് തെറിക്കുകയായിരുന്നു. സെഞ്ചുറി നഷ്ടായതിന്റെ നിരാശ പ്രകടനമാക്കുകയും ചെയ്തു. പുറത്തായ ഉടനെ അദ്ദേഹം അരിശത്തോടെ ബാറ്റ് വലിച്ചെറിയുകയായിരുന്നു. 

അപ്പോഴത്തെ ദേഷ്യത്തില്‍ ചെയ്തതെങ്കിലും താരത്തിന് ചെറിയ പണി കിട്ടി. ഗെയ്‌ലിന്റെ ഭാഗത്ത് നിന്നുണ്ടായത് ഐപിഎല്‍ പെരുമാറ്റചട്ട ലംഘനമാണെന്നാണ് മാച്ച് റഫറിയുടെ വിലയിരുത്തല്‍. അതുകൊണ്ടുതന്നെ മാച്ചിന്റെ പത്ത് ശതമാനം പിഴയൊടുക്കേണ്ടി വരും. മത്സരത്തില്‍ ഗെയ്ല്‍ 99 റണ്‍സ് നേടിയിരുന്നെങ്കിലും പഞ്ചാബ് പരാജയപ്പെട്ടിരുന്നു.

ഇന്നലെ ടി20 ക്രിക്കറ്റില്‍ 1000 പൂര്‍ത്തിയാക്കുന്ന റെക്കോഡും ഗെയ്‌ലിനെ തേടിയെത്തിയിരുന്നു. ഇന്നലെ മാത്രം എട്ട് സിക്‌സുകളാണ് ഗെയ്ല്‍ പറത്തിയത്. മത്സരത്തിലെ തോല്‍വിയോടെ പഞ്ചാബിന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ അവസാന മത്സരം ജയിക്കേണ്ടത് അനിവാര്യമായി. രാജസ്ഥാന്‍ ജയത്തോടെ അഞ്ചാം സ്ഥാനത്തേക്ക് കയറിയിരുന്നു. അവസാന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തോല്‍പ്പിച്ചാല്‍ രാജസ്ഥാനം പ്രതീക്ഷയുണ്ട്.