Asianet News MalayalamAsianet News Malayalam

മാനംകാത്ത് ഹൂഡ വെടിക്കെട്ട്; ചെന്നൈക്കെതിരെ മാന്യമായ സ്‌കോറിലെത്തി പഞ്ചാബ്

മുന്‍മത്സരങ്ങളില്‍ തകര്‍ത്തടിച്ച വെടിക്കെട്ട് വീരന്‍മാരായ നിക്കോളാസ് പുരാന്‍, ക്രിസ് ഗെയ്‌ല്‍ എന്നിവര്‍ക്ക് ഇക്കുറി തിളങ്ങാനായില്ല

IPL 2020 CSK vs KXIP Live Updates
Author
ABU DABHI, First Published Nov 1, 2020, 5:17 PM IST

അബുദാബി: ഐപിഎല്ലില്‍ നിര്‍ണായക മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ദീപക് ഹൂഡ വെടിക്കെട്ടില്‍ മാന്യമായ സ്‌കോറിലെത്തി കിംഗ്‌സ് ഇലവന്‍ പഞ്ചാബ്. ആദ്യം ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 153 റണ്‍സാണ് നേടിയത്. ചെന്നൈ ടീമില്‍ മടങ്ങിയെത്തിയ പേസര്‍ ലുങ്കി എങ്കിഡിയുടെ മൂന്ന് വിക്കറ്റ് പ്രകടനത്തിനിടെയാണ് അവസാന ഓവറുകളില്‍ പഞ്ചാബിന്‍റെ തിരിച്ചുവരവ്. 

മോശമാക്കിയില്ല മായങ്കും രാഹുലും 

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് കെ എല്‍ രാഹുലും മായങ്ക് അഗര്‍വാളും മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ഓപ്പണിംഗ് വിക്കറ്റില്‍ 5.2 ഓവറില്‍ 48 റണ്‍സ് ചേര്‍ത്തു. മായങ്കിനെ എങ്കിഡി ബൗള്‍ഡാക്കുകയായിരുന്നു. എന്നാല്‍ ഒന്‍പതാം ഓവറില്‍ രാഹുലിനെയും എങ്കിഡി ബൗള്‍ഡാക്കിയതോടെ പഞ്ചാബ് മികച്ച തുടക്കം കൈവിടുകയായിരുന്നു. സാവധാനം സ്‌കോറുയര്‍ത്താന്‍ ശ്രമിച്ച രാഹുല്‍ 27 പന്തില്‍ നേടിയത് 29 റണ്‍സ്. 

ശോകമായി ഗെയ്‌ലും പുരാനും

മുന്‍മത്സരങ്ങളില്‍ തകര്‍ത്തടിച്ച വെടിക്കെട്ട് വീരന്‍മാരായ നിക്കോളാസ് പുരാന്‍(2), ക്രിസ് ഗെയ്‌ല്‍(12) എന്നിവര്‍ക്ക് ഇക്കുറി തിളങ്ങാനായില്ല. പുരാന്‍ ഠാക്കൂറിന്‍റെ പന്തില്‍ ധോണിക്ക് ക്യാച്ച് നല്‍കി മടങ്ങിയപ്പോള്‍ ഗെയ്‌ല്‍ താഹിറിന് മുന്നില്‍ എല്‍ബിയാവുകയായിരുന്നു. ഇതോടെ 12 ഓവറില്‍ 72-4 എന്ന നിലയിലായി പഞ്ചാബ്. ഹൂഡയ്‌ക്കൊപ്പം നിലയുറപ്പിക്കാന്‍ ശ്രമിച്ച മന്‍ദീപിനെ 14 റണ്‍സില്‍ ബൗള്‍ഡാക്കി രവീന്ദ്ര ജഡേജ പഞ്ചാബിനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കി. 

ആളിക്കത്തി ഹൂഡ

എന്നാല്‍ ഒരറ്റത്ത് കരുതലോടെ ബാറ്റുവീശി ദീപക് ഹൂഡ സമ്മര്‍ദങ്ങള്‍ക്കിടയിലും പഞ്ചാബിന് ആശ്വാസമായി. ഇതിനിടെ എങ്കിഡി 18-ാം ഓവറിലെ ആദ്യ പന്തില്‍ നീഷാമിനെയും(2) മടക്കി. ഗെയ്‌ക്‌വാദ് ക്യാച്ചെടുക്കുകയായിരുന്നു. തുടര്‍ന്നും തകര്‍ത്തടിച്ച ഹൂഡ 26 പന്തില്‍ രണ്ടാം ഐപിഎല്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. എങ്കിഡിയുടെ അവസാന ഓവറില്‍ 14 റണ്‍സ് നേടി പഞ്ചാബ് സുരക്ഷിതമാവുകയായിരുന്നു. 30 പന്തില്‍ 62 റണ്‍സുമായി ദീപക് ഹൂഡയും അഞ്ച് പന്തില്‍ 4 റണ്‍സുമായി ക്രിസ് ജോര്‍ദാനും പുറത്താകാതെ നിന്നു. 

Follow Us:
Download App:
  • android
  • ios