ദുബായ്: ഐപിഎല്ലിനിടെ വിരലിന് പരിക്കേറ്റ് ടൂര്‍ണൺമെന്‍റില്‍ നിന്ന് പിന്‍മാറിയ ലെഗ് സ്പിന്നര്‍ അമിത് മിശ്രയുടെ പകരക്കാരനെ പ്രഖ്യാപിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. ലെഗ് സ്പിന്നര്‍ പ്രവീണ്‍ ദുബെ ആണ് മിശ്രയുടെ പകരക്കാരനായി ഡല്‍ഹി ടീമിലെത്തുക.

ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകയെ പ്രതിനിധീകരിക്കുന്ന 27കാരനായ  ദുബെ ഇതുവരെ 14 ടി20 മത്സരങ്ങളില്‍ നിന്നായി 16 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 6.87 എന്ന മികച്ച ഇക്കോണമയും ദുബെക്കുണ്ട്.

ഈ മാസമാദ്യം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിനിടെയാണ് വിരലിന് പരിക്കേറ്റ അമിത് മിശ്ര പിന്‍മാറിയത്. ശസ്ത്രക്രിയക്ക് വിധേയനായ 37കാരനായ മിശ്ര ഇപ്പോള്‍ വിശ്രമത്തിലാണ്.

ഐപിഎല്ലില്‍ ഒമ്പത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഡല്‍ഹി ഏഴ് ജയങ്ങളുമായി 14 പോയന്‍റ് സ്വന്തമാക്കി പ്ലേ ഓഫിന് തൊട്ടടുത്താണ്.