അബുദാബി: ഋഷഭ് പന്തിന്റെ പിന്നാലെ ഡല്‍ഹി കാപിറ്റല്‍സിന് കനത്ത തിരിച്ചടി. അവരുടെ പേസര്‍ ഇശാന്ത് ശര്‍മയ്ക്ക് ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാവും. ആന്തരികാവയങ്ങള്‍ക്ക് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇശാന്തിനെ ശേഷിക്കുന്ന മത്സരങ്ങലില്‍ നിന്ന് മാറ്റിനിര്‍ത്തുന്നത്. ഇശാന്തിന് പരിക്കേറ്റ കാര്യം ഡല്‍ഹി കാപിറ്റല്‍സ് ഔദ്യോഗികമായി പുറത്തുവിടുകയും ചെയ്തു. സീസണിന്റെ തുടക്കത്തില്‍ പരിക്ക് കാരണം താരത്തിന് ചില മത്സരങ്ങള്‍ നഷ്ടമായിരുന്നു. അതിന് പിന്നാലെണ് വീണ്ടും പരിക്കേല്‍ക്കുന്നത്. 

എന്നാല്‍ ഇശാന്തിന്റെ പകരക്കാരനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇശാന്തിന് കളിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഹര്‍ഷല്‍ പട്ടേലിന് അവസരം നല്‍കിയിരുന്നു. നേരത്തെ ഡല്‍ഹിയുടെ സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനും പരിക്കേറ്റിരുന്നു. ഒരാഴ്ചയെങ്കിലും താരത്തിന് പുറത്തിരിക്കേണ്ടി വരും. 

നായകന്‍ ശ്രേയസ് അയ്യരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഈ മാസം 14ന് രാജസ്ഥാനും 17ന് ചെന്നൈക്കും എതിരെയാണ് ഡല്‍ഹിയുടെ അടുത്ത മത്സരം. പന്തിന് പകരം ടീമില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാര്‍ ഇല്ലാത്തതും ഡല്‍ഹിക്ക് തിരിച്ചടിയാണ്. മുംബൈ ഇന്ത്യന്‍സിനെതിരെ റിഷഭ് പന്ത് ഇറങ്ങിയിരുന്നില്ല. അലക്‌സ് ക്യാരിയായിരുന്നു വിക്കറ്റിന് പിന്നില്‍.